ഹോം » പ്രാദേശികം » ആലപ്പുഴ » 

വിപ്‌ളവ മണ്ണില്‍ സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍ പോരിന്

October 18, 2015

ചേര്‍ത്തല: രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വയലാറിന്റെ വിപഌവ മണ്ണില്‍ സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍ മത്‌സരത്തിന്. വയലാര്‍ പഞ്ചായത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് സിപിഐയും സിപിഎമ്മും തമ്മില്‍ മല്‍സരിക്കുന്നത്. ആകെയുള്ള 16 വാര്‍ഡുകളില്‍ 14 വാര്‍ഡുകളില്‍ സിപിഎമ്മും 11 വാര്‍ഡുകളില്‍ സിപിഐയും സ്ഥാനാര്‍ഥികളെ മത്‌സരിപ്പിക്കുന്നു. ഇന്നലെ വൈകിട്ട് നടന്ന അവസാനവട്ട ചര്‍ച്ചയിലും തീരുമാനമാവാതെ വന്നതോടെയാണ് മല്‍സരത്തിന് കളമൊരുങ്ങിയത്. കഴിഞ്ഞ തവണ ആറ് സീറ്റാണ് സിപിഐയ്ക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ മല്‍സരിച്ച എന്‍സിപിയുടെയും ജെഎസ്എസിന്റെയും സീറ്റുകളില്‍ ഒരെണ്ണം സിപിഐ ആവശ്യപ്പെടുകയും ഇത് സിപിഎം അംഗീകരിക്കാതിരിക്കാതെയും വന്നതോടെയാണ് തര്‍ക്കമായത്. എന്‍സിപിയുടെയും ജെഎസ്എസിന്റെയും ലേബലില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന അടവുനയം ഇവിടെ നടക്കില്ലെന്ന നിലപാടാണ് സിപിഐ നേതാക്കള്‍ക്ക്. ഒന്‍പതാം വാര്‍ഡിലെ ജെഎസ്എസ് ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ ഡെമ്മിയായ സഹോദരിയാണ് മല്‍സരിക്കുന്നത്. എന്നല്‍ ഇവര്‍ സിപിഎം പ്രവര്‍ത്തകയും സിഡിഎസ് ചെയര്‍പഴ്‌സണുമാണ്. നാലാം വാര്‍ഡിലെ എന്‍സിപി സ്ഥാനാര്‍ഥിയായി നില്‍ക്കുന്നതും സിപിഎം പ്രവര്‍ത്തകനാണെന്നും സിപിഐ വാദിക്കുന്നു. മാത്രമല്ല വിശ്വാസവഞ്ചനയ്ക്കും ഇവര്‍ ശ്രമിച്ചതായാണ് സിപിഐയുടെ ആക്ഷേപം. പത്രിക പിന്‍വലിക്കേണ്ട അവസാനദിനമായ ഇന്നലെ വൈകിട്ട് റിട്ടേണിങ് ഓഫീസറുടെ അടുത്ത് എത്തുവാന്‍ ആവശ്യപ്പെടുകയും മറ്റ് വാര്‍ഡുകളിലെ പത്രികകള്‍ സിപിഎമ്മുകാര്‍ പിന്‍വലിച്ചതായും സിപിഐയും പിന്‍വലിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്ന് സിപിഐ മണ്ഡലം സെക്രട്ടറി എന്‍.എസ്.ശിവപ്രസാദ് പറഞ്ഞു. എന്നാല്‍ ഇവിടെയെത്തി അന്വേഷിച്ചപ്പോഴാണ് സിപിഎമ്മുകാര്‍ പിന്മാറിയിട്ടില്ലെന്ന് അറിഞ്ഞതെന്നും പറഞ്ഞു. അവസാന നിമിഷം വരെ ധാരണയ്ക്ക് സിപിഐ ശ്രമിച്ചതായും പറഞ്ഞു. എന്നാല്‍ നേതാക്കളുടെ പക്വതയില്ലാത്ത പെരുമാറ്റമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. പുന്നപ്ര–വയലാര്‍ രക്തസാക്ഷി വാരാചരണം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സിപിഐ, സിപിഎം തര്‍ക്കത്തെ നേതാക്കള്‍ ഗൗരവമായാണ് കാണുന്നത്. വാരാചരണവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന വാര്‍ഡ് കണ്‍വന്‍ഷനുകളില്‍ സിപിഐ വിട്ടുനിന്നു.

Related News from Archive
Editor's Pick