ഹോം » കേരളം » 

കോട്ടക്കല്‍ നഗരസഭയില്‍ ബിജെപിക്കെതിരെ സിപിഎം-കോണ്‍ഗ്രസ്-ലീഗ് സഖ്യം

October 18, 2015

malappuramകോട്ടയ്ക്കല്‍(മലപ്പുറം): മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ നഗരസഭയില്‍ ബിജെപിക്കെതിരെ സിപിഎം-കോണ്‍ഗ്രസ്-ലീഗ് സഖ്യം. നിലവില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റായ ആറ്, ഏഴ് ഡിവിഷനുകളിലാണ് മുക്ക് മുന്നണി രൂപപ്പെട്ടിരിക്കുന്നത്. ബിജെപിയുടെ ജനപിന്തുണയില്‍ പരിഭ്രാന്തരായ പാര്‍ട്ടികള്‍ നിലവിലെ മുന്നണി സംവിധാനങ്ങളെ മുഴുവന്‍ അട്ടിമറിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്.

ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായ ആറാം വാര്‍ഡ് മൈത്രി നഗറിലും ഏഴാം വാര്‍ഡ് നായടിപ്പാറയിലും ഇത്തവണ വനിത സംവരണമാണ്. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള വാര്‍ഡില്‍ സിപിഎമ്മും-കോണ്‍ഗ്രസും-ലീഗും സംയുക്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുകയാണ്. സംയുക്ത സ്ഥാനാര്‍ത്ഥി ആണെങ്കിലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സ്വതന്ത്രയുടെ പരിവേഷത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന് നല്‍കിയ നായാടിപ്പാറ സീറ്റില്‍ സിപിഎമ്മിനുകൂടി സ്വീകാര്യയായ വനിത സ്വതന്ത്ര സ്ഥാനാര്‍ത്ഥി മത്സരിക്കുന്നു. പകരം മൈത്രി നഗറില്‍ ഇടതുമുന്നണിയുടെ പൊതുസ്വതന്ത്രയെ കോണ്‍ഗ്രസും പിന്തുണക്കും. ലീഗിന്റെ അനുവാദത്തോടെയാണ് ഈ നീക്കുപോക്കിന് കോണ്‍ഗ്രസ് തയ്യാറായത്.

ആറാം വാര്‍ഡില്‍ രാജസുലോചനയാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഇവിടെ ഇടതുമുന്നണി സ്വതന്ത്രയായി ഉള്ളാട്ടില്‍ രാഗിണിയാണ് മത്സരിക്കുന്നത്. യുഡിഎഫിന് സ്ഥാനാര്‍ത്ഥിയില്ല.
ഏഴില്‍ കെ.ചന്ദ്രികയാണ് ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സ്വതന്ത്രയായി രമണി മോഹനനും മത്സരിക്കുന്നു. എല്‍ഡിഎഫ് മത്സരരംഗത്തില്ല. 32 ഡിവിഷനുകളുള്ള നഗരസഭ നിലവില്‍ ഭരിക്കുന്നത് യുഡിഎഫാണ്. ബിജെപി 19 ഡിവിഷനുകളില്‍ മത്സരിക്കുന്നുണ്ട്. സമീപകാലത്ത് ഓരോ ഡിവിഷനില്‍ നിന്നും നൂറോളം പ്രവര്‍ത്തകരാണ് ബിജെപിയില്‍ പുതിയതായി ചേര്‍ന്നത്. ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്നതാണ് നിലവിലെ അവസ്ഥ. കൂടുതല്‍ സീറ്റുകള്‍ കൈവിട്ടുപോകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ കൂട്ടുകെട്ട്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick