ഹോം » പ്രാദേശികം » തിരുവനന്തപുരം » 

ഭവനനിര്‍മാണ ബോര്‍ഡിനെ തകര്‍ക്കാന്‍ ഗൂഢനീക്കം: ഹൗസിങ് ബോര്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍

October 18, 2015

തിരുവനന്തപുരം: ഭവനനിര്‍മാണ ബോര്‍ഡിനെ തകര്‍ക്കാന്‍ ഗൂഢനീക്കം നടക്കുകയാണെന്ന് കേരള സ്‌റ്റേറ്റ് ഹൗസിങ് ബോര്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റ് ഡോ എ സമ്പത്ത് എംപി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിലവിലുള്ള നാമമാത്രപദ്ധതികളില്‍ നിന്ന് ബോര്‍ഡിന് കാര്യമായ വരുമാനമില്ല. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ മറ്റു ഭരണപരമായ ചെലവുകള്‍ എന്നിവയ്ക്കായി പ്രതിവര്‍ഷം ഭീമമായ തുക ബോര്‍ഡിന് ചെലവാക്കേണ്ടിവരുന്നു. പെന്‍ഷനും ആനുകൂല്യങ്ങളും മുടങ്ങിത്തുടങ്ങി. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടുപോകാനാകാത്ത അവസ്ഥയാണ്. സ്വകാര്യനിര്‍മാണമേഖല ഗുണഭോക്താക്കളെ ക്രൂരമായി ചൂഷണം ചെയ്യുമ്പോള്‍ അവയ്ക്ക് തടയിടുന്നതിനോ നിയമനിര്‍മാണം നടത്തുന്നതിനോ ഹൗസിങ്‌ബോര്‍ഡു പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി ഉപഭോക്താക്കളെ ആകര്‍ഷിക്കാനോ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല.
ബോര്‍ഡിനെ ശരിയായ നിലയില്‍ മുന്നോട്ടുനയിക്കേണ്ട ബോര്‍ഡു സെക്രട്ടറിയുടെ കസേരയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 11 പേരാണ് ഇരുന്നത്. ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. മന്ത്രിയുടെ ബന്ധുവിനെ ചീഫ് എഞ്ചിനീയറാക്കാന്‍ നടത്തിയ വഴിവിട്ട നടപടികളാണിതിനിടയാക്കിയത്. ബജറ്റിലും പാര്‍പ്പിടദിനത്തിലും കയ്യടിക്കായി നിരവധി ഭവനപദ്ധതികള്‍ പ്രഖ്യാപിക്കുമെങ്കിലും ഏട്ടിലെ പശുവായി തുടരുന്നു. ആയിരത്തോളം സ്ഥിരംജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തില്‍ ഏതാണ്ട് 365 സ്ഥിരം ജീവനക്കാരാണ് ഇപ്പോഴുള്ളത്. ബോര്‍ഡിനെ നയിക്കേണ്ട ചീഫ് എഞ്ചിനീയര്‍ തസ്തികയില്‍ പോലും കരാര്‍നിയമനമാണ്.
ബോര്‍ഡിന്റെ സ്റ്റാഫ് റെഗുലേഷന് അംഗീകാരം ലഭിക്കാത്തതിനാല്‍ ജീവനക്കാരുടെ നിരവധി സര്‍വീസ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ല. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കുപോലും അര്‍ഹമായ പ്രമോഷന്‍ നല്‍കാന്‍ കഴിയുന്നില്ല. ബോര്‍ഡിനെ ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരുവിഭാഗം ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് ബോര്‍ഡിനെ സംരക്ഷിച്ച് ആവശ്യമായ നടപടികളെടുക്കണമെന്നും സമ്പത്ത് ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി.എസ്. മനോജ്, വൈസ് പ്രസിഡന്റുമാരായ ആര്‍. രാഘവന്‍പിള്ള, വി.എന്‍. രാമകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

Related News from Archive
Editor's Pick