ഹോം » ലോകം » 

ബേനസീറിന്റെ മരണത്തിനുത്തരവാദി മുഷാറഫെന്ന് യുഎസ് പത്രപ്രവര്‍ത്തകന്‍

വെബ് ഡെസ്‌ക്
October 18, 2015

benasirഇസ്ലമാബാദ്: മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മരണത്തിനുത്തരവാദി മുന്‍ പാക് പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഫാറഫാണെന്ന് അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. തനിക്ക് നേരെയുള്ള വധഭീഷണികളെക്കുറിച്ച് ബേനസീര്‍ മുഷാറഫിനെ അറിയിച്ചിരുന്നു.

ബേനസീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഎസ് മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക് സിയഗല്‍ നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുള്ളത്. നാലുപേജടങ്ങിയ സിയഗലിന്റെ കോടതിയിലുള്ള വെളിപ്പെടുത്തല്‍ പാക്കിസ്ഥാനിലെ ജിയോ ന്യൂസാണ് പുറത്തുവിട്ടത്.

ഗള്‍ഫ് രാജ്യത്തെ ഒരു ഇന്റലിജന്‍സ് ഏജന്‍സി ബേനസീര്‍ ഭൂട്ടോയെ വധിക്കാനായി പദ്ധതിയിട്ടതിന്റെ ഫോണ്‍ കോള്‍ പരിശോധിച്ചിരുന്നു. ഈ പദ്ധതിയില്‍ ജനറല്‍ പര്‍വേസ് മുഷാറഫിനും പങ്കുള്ളതായി കണ്ടെത്തിയിരുന്നതായും സിയഗല്‍ പറഞ്ഞിട്ടുണ്ട്. റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയില്‍ വാഷിങ്ടണിലെ പാക് എംബസിയിലൂടെ വീഡിയോ ലിങ്ക് വഴിനല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വിദേശ സുരക്ഷാസംഘത്തെ അനുവദിക്കണമെന്നും ഭൂട്ടോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കുവാന്‍ മുഷാറഫ് തയ്യാറായിരുന്നില്ല. മാത്രമല്ല ബേനസീറിന്റെ സുരക്ഷയ്ക്കായി നല്‍കിയിരുന്ന മൊബൈല്‍ ജാമറുകള്‍ പ്രവര്‍ത്തിക്കുന്നവയല്ലായിരുന്നുവെന്നും സിനഗല്‍ മൊഴിയില്‍ പറയുന്നു.

മുഷാറഫ് പ്രസിഡന്റായിരിക്കുമ്പോള്‍ റാവല്‍പിണ്ടിയില്‍വച്ച് 2007 ഡിസംബറിലാണ് ബോംബ് സ്‌ഫോടനത്തില്‍ ബേനസീര്‍ കൊല്ലപ്പെടുന്നത്. രണ്ട് തവണ ബേനസീര്‍ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ മുഷാറഫ് നിഷേധിച്ചു. സിയഗലിന്റെത് വളരെ പ്രധാനപ്പെട്ട വെളിപ്പെടുത്തലായിട്ടാണ് കരുതപ്പെടുന്നത്. 1999 മുതല്‍ 2008 വരെ മുഷാറഫായിരുന്നു പാക്കിസ്ഥാന്റെ പ്രസിഡന്റ്.

Related News from Archive
Editor's Pick