ഹോം » പ്രാദേശികം » ആലപ്പുഴ » 

പാര്‍ട്ടിയെ കബളിപ്പിച്ചയാള്‍ക്ക് സീറ്റ് നല്‍കിയത് സിപിഎമ്മില്‍ വിവാദമായി

October 19, 2015

അമ്പലപ്പുഴ: പാര്‍ട്ടിയെ കബളിപ്പിച്ച പ്രവര്‍ത്തകന് വാര്‍ഡില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതിനെതിരെ സിപിഎമ്മില്‍ പൊട്ടിത്തെറി. പുറക്കാട് പഞ്ചായത്തില്‍ പുന്തല ഭാഗത്താണ് നിരന്തരം പാര്‍ട്ടി മാറുന്ന സഖാവിന് സീറ്റുനല്‍കിയത്.
നിലവില്‍ എല്‍സി മെമ്പര്‍മാര്‍ ഉണ്ടായിട്ടും അവരെയാകെ ഒഴിവാക്കിയാണ് സിറ്റിങ് സീറ്റില്‍ അവസരം നല്‍കിയത്. ഏതാനും വര്‍ഷം മുമ്പ് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഇയാള്‍ പിന്നീട് സിപിഎമ്മില്‍ ചേക്കേറുകയും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്തു.
എന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ സിപിഎം ഉപേക്ഷിക്കുകയും പിന്നീട് സിപിഐയില്‍ ചേര്‍ന്ന് മറ്റൊരു വാര്‍ഡില്‍ മത്സരിച്ച് ജയിക്കുകയും ചെയ്തു. എന്നാല്‍ ജയിച്ചു കഴിഞ്ഞ നേതാവ് പിന്നീട് സിപിഐയെയും തള്ളിപ്പറഞ്ഞ് പാര്‍ട്ടി വിട്ടുനില്‍ക്കുമ്പോഴാണ് പ്രദേശത്ത് മുതിര്‍ന്ന സഖാക്കളെ ഒഴിവാക്കി സിപിഎം അടുത്ത വാര്‍ഡില്‍ ഇയാള്‍ക്ക് സീറ്റ് നല്‍കിയത്. ഇതിനെതിരെ ഒരു വിഭാഗം സഖാക്കള്‍ രംഗത്ത് എത്തിയത് സിപിഎമ്മില്‍ തലവേദനയായിരുന്നു.
ഒരുകാലത്ത് സിപിഎം കോട്ടയായ ഈ പ്രദേശത്ത് സഖാക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് സിപിഎമ്മിന് തലവേദനയായിരിക്കുമ്പോഴാണ് പുതിയ വിവാദം.

Related News from Archive
Editor's Pick