ഹോം » പ്രാദേശികം » ആലപ്പുഴ » 

ഇടതുഭരണത്തില്‍ സ്ഥാപിച്ച ശിലാഫലകം സിപിഎം സ്ഥാനാര്‍ത്ഥിക്ക് വിനയായി

October 19, 2015

തോട്ടപ്പള്ളി: വാഗ്ദാനം നല്‍കി ഇടതുഭരണത്തില്‍ സ്ഥാപിച്ച ശിലാഫലകം സിപിഎം സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയായി. വോട്ടുചോരാതിരിക്കാന്‍ സഖാക്കള്‍ പോസ്റ്റര്‍ ഉപയോഗിച്ച് ശിലാഫലകം മറച്ചു.
പുറക്കാട് പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ സിപിഎമ്മിന്റെ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മത്സരിക്കുന്ന വാര്‍ഡിലാണ് സിപിഎമ്മിന് തിരിച്ചടിയായി ശിലാഫലകം സ്ഥിതിചെയ്യുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ എംപി കെ.എസ്. മനോജാണ് പ്രദേശത്ത് പാലവും റോഡും നിര്‍മ്മിച്ചു നല്‍കുമെന്ന് വാഗ്ദാനം നല്‍കി ശിലാഫലകം സ്ഥാപിച്ചത്. നിരവധി ദളിത് കോളനികള്‍ സ്ഥിതിചെയ്യുന്ന വാര്‍ഡില്‍ റോഡും പാലവുമാണ് ജനങ്ങള്‍ക്ക് ആവശ്യം. ദേശീയ പാതയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ കിഴക്ക് ടിഎസ് കനാലുവരെയും കനാലിനു കുറുകെ പാലവും പണിതെങ്കില്‍ മാത്രമേ ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ സാദ്ധ്യമാകൂ.
എന്നാല്‍ കല്ലിട്ടതല്ലാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ റോഡു നിര്‍മ്മാണം നടത്തുവാനോ പിന്നീടു വന്ന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനോ സിപിഎം തയ്യാറായില്ല. സിപിഎം കോട്ടയായ ഇവിടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ബിജെപിയില്‍ ചേരുകയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാര്‍ഡ് ബിജെപി പിടിച്ചെടുക്കുകയും ചെയ്തിരുന്നതിനാല്‍ ബിജെപി മെമ്പര്‍ക്കെതിരെ പ്രചാരണവുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തു വന്നതോടെയാണ് ശിലാഫലകം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രതികരിച്ചത്. ഇതോടെ ഇളിഭ്യരായ സഖാക്കളും പ്രസിഡന്റും ശിലാഫലകം പോസ്റ്റര്‍ ഉപയോഗിച്ച് മറയ്ക്കുകയുമായിരുന്നു.

Related News from Archive
Editor's Pick