ഹോം » സംസ്കൃതി » 

രാവണയജ്ഞം

രാമപാദങ്ങളില്‍ - 180

രാമന്റെ അമ്പുംവില്ലും ഏതേതു കൈകളിലാണെന്നോ രാമന്‍ എവിടെയാണ് നില്‍ക്കുന്നതെന്നോ എതിരാളിക്ക് മനസ്സിലാക്കാന്‍ സാദ്ധ്യമല്ല. ദിഗ്ഭ്രമവും, കൃത്യ വിഭ്രാന്തിയും കര്‍മ്മ വിസ്മൃതിയും അവരെ തളര്‍ത്തി സ്തംഭിപ്പിച്ചുകളയും.

രാമനെക്കുറിച്ച് എനിക്ക് ആദ്യം ഒരു അവജ്ഞയുണ്ടായിരുന്നു. ഞാന്‍ ഉയര്‍ന്ന തേരിലും രാമന്‍ താണ നിലത്തുമാണല്ലോ എന്ന്. ഉയരത്തില്‍ നിന്നുകൊണ്ട് കീഴോട്ടുനോക്കി ഞാനും താഴെ നിന്നുകൊണ്ട് മേലോട്ട് നോക്കി രാമനും അസ്ത്രപ്രയോഗം ചെയ്യേണ്ടിവരുമല്ലോ എന്ന് ഞാന്‍ ശങ്കിച്ചിരുന്നു. പക്ഷെ രാമന്‍ എന്നോടെതിരിട്ടപ്പോള്‍ സ്ഥിതി മറിച്ചായിരുന്നു. രാമന്‍ ഉയരത്തിലും ഞാന്‍ താഴേയും.

രാമന്‍ ഒരു വാഹനത്തിലിരിക്കുന്നു. വാഹനത്തിന്റെ ശക്തിയേറിയ ചലനം കണ്ടപ്പോള്‍ അത് ഗരുഡനായിരിക്കുമോ എന്ന് ഞാന്‍ ശങ്കിച്ചു. ആ വാഹനം രാക്ഷസപ്പടകളെ അടിച്ചും തൊഴിച്ചും വീഴ്ത്തി സംഹരിക്കുന്നതു കണ്ടപ്പോള്‍ അത് പ്രചണ്ഡമാരുതനാണോ എന്നും ഞാന്‍ ശങ്കിച്ചു. അടുത്തു ചെല്ലുന്ന രാക്ഷസപ്പടകളില്‍ ഒന്നുപോലും മരിക്കാതെ തിരിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അത് ധവാഗ്നിയോ അഥവ അന്തകന്‍ തന്നേയോ എന്നും ഞാന്‍ ശങ്കിച്ചു. പക്ഷെ സൂക്ഷിച്ചുനോക്കിയപ്പോഴാണ് ഇപ്പറഞ്ഞതൊന്നുമല്ലെന്നും അത് ലങ്ക ചുട്ടെരിച്ച ഹനുമാനാണെന്നും എനിക്ക് മനസ്സിലായത്.

ഇങ്ങനെ പലവിധ ആലോചനകളില്‍ മുഴുകിയ രാവണന്‍ താന്‍ ഏകനായിത്തീര്‍ന്നെങ്കിലും രാമനേയും വാനരപ്പടയേയും ജയിക്കുന്നതിന് ഇനി എന്താണ് മാര്‍ഗ്ഗമെന്ന് ചിന്തിക്കാന്‍ തുടങ്ങി. അവസാനം അദ്ദേഹത്തിന് ഒരു ഉപായം തോന്നി. അസുരഗുരുവായ ശുക്രനെ അഭയംതേടുക. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുക. അദ്ദേഹം തന്റെ ഗുരുകൂടി ആയതുകൊണ്ട് ഈ വിഷമഘട്ടത്തില്‍ തന്നെ കൈവെടിയുകയില്ല എന്ന ശുഭാപ്തിവിശ്വാസവും രാവണനില്‍ ഉടലെടുത്തു.

അതിന്‍പടി രാവണന്‍ രാത്രി തന്നെ ശുക്രാചാര്യരുടെ സമീപത്തെത്തി പാദങ്ങളില്‍ വണങ്ങിയ ശേഷം തന്റെ ദുരവസ്ഥ വിശദീകരിച്ചു. രാക്ഷസവീരന്മാരേയും ഇന്ദ്രജിത്തിനേയും രാമനും സേനകളും ചേര്‍ന്ന് നിഗ്രഹിച്ചതിനുശേഷം താന്‍ ഏകാകിയും ദുഃഖിതനുമായിത്തീര്‍ന്നിരിക്കുന്നുവെന്നും ഈ അവസരത്തില്‍ യുദ്ധത്തില്‍ വിജയംവരിക്കുന്നതിന്നുള്ള ഉപായം ഉപദേശിച്ചുതന്ന് തന്നെ രക്ഷിക്കണമെന്നും രാവണന്‍ ശുക്രനോടപേക്ഷിച്ചു.

രാവണന്‍ വിവരങ്ങളൊക്കെ അറിയിച്ചപ്പോള്‍ ദേവതമാരെ പ്രസാദിപ്പിക്കുകയാണ് വിജയത്തിനുള്ള മാര്‍ഗ്ഗമെന്നും അതിനുവേണ്ടി രഹസ്യമായ സ്ഥലത്തുവെച്ച് ഹോമം നടത്തണമെന്നും ശുക്രന്‍ ഉപദേശം നല്‍കി. അങ്ങിനെ വിഘ്‌നം കൂടാതെ ഹോമം ചെയ്യുമ്പോള്‍ ആ ഹോമാഗ്നിയില്‍ നിന്നും ബാണം തൂണീരം ചാപം അശ്വം രഥം എന്നിവ ഉയര്‍ന്നുവരുമെന്നും അവ നിന്റെ കൈവശമുള്ളിടത്തോളം ആര്‍ക്കും നിന്നെ ജയിക്കാന്‍ കഴിയുകയില്ലെന്നും മഹര്‍ഷി പറഞ്ഞു.

അതിനായി നീ എന്നില്‍നിന്നും മന്ത്രം ഗ്രഹിച്ച് എത്രയും പെട്ടെന്ന് ഹോമം തുടങ്ങുന്നതിനും ശുക്രന്‍ നിര്‍ദ്ദേശിച്ചു. മഹര്‍ഷിയില്‍ നിന്നും മൂലമന്ത്രത്തോടുകൂടി മന്ത്രഗ്രഹണം നടത്തി രാവണന്‍ തന്റെ മന്ദിരത്തില്‍തന്നെ ഒരു ഗുഹ തീര്‍ത്ത് ഹോമിക്കാനുള്ള ദ്രവ്യങ്ങളും പുകയ്ക്കാനുള്ള സുഗന്ധദ്രവ്യങ്ങളും സംഭരിച്ചുകൊണ്ട് ശുദ്ധനും ധ്യാനനിരതനും മൗനിയുമായി ഹോമം സമാരംഭിച്ചു. ലങ്കയിലേക്കുള്ള കവാടങ്ങള്‍ മുഴുവനും അടച്ചുകൊണ്ടാണ് രാവണന്‍ ഹോമം തുടങ്ങിയത്.

Related News from Archive
Editor's Pick