ഹോം » പ്രാദേശികം » തിരുവനന്തപുരം » 

സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച രണ്ടുപേര്‍ പിടിയില്‍

October 19, 2015

മലയിന്‍കീഴ്: സ്‌കൂട്ടറിലെത്തിയ രണ്ടംഗസംഘം കാല്‍നടയാത്രക്കാരിയായ വീട്ടമ്മയുടെ സ്വര്‍ണമാല പിടിച്ചപറിച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പിന്തുടര്‍ന്ന് മോഷ്ടാക്കളെ തൊണ്ടി സഹിതം പൊക്കി പോലീസില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞദിവസം വൈകിട്ട് മലയിന്‍കീഴ് ഊരൂട്ടമ്പലം റോഡില്‍ ഊറ്റുപാറ ബൈബിള്‍ കോളജിന് സമീപമാണ് സംഭവം. മലയിന്‍കീഴ് അമ്പാടി നഗറില്‍ ശിവശക്തി വീട്ടില്‍ ജയന്തി(44)യുടെ 22ഗ്രാം വരുന്ന താലിമാല വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ എതിരെ സ്‌കൂട്ടറിലെത്തിയ സംഘം പൊട്ടിച്ചെടുക്കുകയായിരുന്നു. പിന്‍സീറ്റില്‍ ഇരുന്നയാളാണ് മാലപൊട്ടിച്ചത്. തുടര്‍ന്ന് ജയന്തിയുടെ നിലവിളകേട്ട് അതുവഴി പോയ നാട്ടുകാര്‍ സ്‌കൂട്ടറിനെ പിന്‍തുടര്‍ന്നു. മലയിന്‍കീഴ് ജംഗ്ഷനില്‍ തടഞ്ഞു നിര്‍ത്തി മോഷ്ടാക്കളെ പിടികൂടി. കയ്യില്‍ ഉണ്ടായിരുന്ന കത്തിയും ഹെല്‍മറ്റും ഉപയോഗിച്ച് ഭീകരാന്തീക്ഷം സൃഷ്ടിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വിട്ടില്ല. മാറനല്ലൂര്‍ അഴകം നെല്ലിക്കാട് ചിറതലയ്ക്കല്‍ വീട്ടില്‍ വിജി എന്ന വിജയകാന്ത്(27), തിരുമല പുന്നയ്ക്കാമുകള്‍ സബ്‌സ്‌റ്റേഷനു സമീപം വാടകയ്ക്ക് താമസിക്കുന്ന ഷിബു സൈമണ്‍(31) എന്നിവരെയാണ് മലയിന്‍കീഴ് പൊലീസിന് കൈമാറിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. മുളക് പൊടി, കത്തി തുടങ്ങി വന്‍ സന്നാഹങ്ങളുമായാണ് പ്രതികള്‍ മാലപിടിച്ചു പറിക്കാന്‍ ഇറങ്ങി തിരിച്ചത്. കാട്ടാക്കട, മാറനല്ലൂര്‍, കിള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ കാല്‍നടയാത്രക്കാരായ വീട്ടമ്മമാരുടെ മാലപിടിച്ചുപറിക്കാന്‍ പ്രതികള്‍ മുമ്പും ശ്രമം നടത്തിയിട്ടുണ്ട്. ഇതില്‍ കാട്ടാക്കടയില്‍ ആക്രമണത്തിന് ഇരയായ വീട്ടമ്മയ്ക്ക് സാരമായ പരുക്കേറ്റിരുന്നു. വിജയകാന്ത് നിരവധി പിടിച്ചു പറിക്കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇരുപതോളം കേസുകള്‍ പ്രതികളുടെ പേരില്‍ നിരവധി സ്റ്റേഷനുകളില്‍ നിലവിലുണ്ടെന്ന് മലയിന്‍കീഴ് എസ്‌ഐ ഷൈന്‍കുമാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Related News from Archive
Editor's Pick