വെല്‍ഡിംങ്ങ് തൊഴിലാളിയുടെ കൊലപാതകം; പ്രതിയുടെ ചിത്രം പോലിസ് പുറത്ത് വിട്ടു

Monday 19 October 2015 11:20 am IST

കോട്ടയം: വെല്‍ഡിംങ്ങ് തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ പ്രതിയുടെ ചിത്രം പോലിസ് പുറത്ത് വിട്ടു. പാലക്കാട് മണ്ണാര്‍ക്കാട് വടശേരിയില്‍ ജയപ്രകാശിന്റെ (44) ചിത്രമാണ് പോലിസ് പുറത്ത് വിട്ടത്. ഉദ്ദേശം അഞ്ചരയടി പൊക്കവും ഇരുനിറവുമാണ് ജയപ്രകാശിന്. എറണാകുളം തേവര കണിശേരി സ്റ്റാന്‍ലിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കഞ്ഞിക്കുഴിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൈലൈന്‍ ഫഌറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ജയപ്രകാശ് ഇവിടെ എത്തിയത്. വെല്‍ഡിംഗ് നിര്‍മാണം നടത്തുന്നത് എറണാകുളം സ്വദേശിയുടെ നേതൃത്വത്തിലുള്ള കോണ്‍ട്രാക്ടറാണ്. സ്റ്റാന്‍ലിയും ജയപ്രകാശും ഒരുമിച്ച് ജോലി ചെയ്തു വരികയായിരുന്നു. ജയപ്രകാശ് ജോലിയ്‌ക്കെത്താതിരുന്നതിനെത്തുടര്‍ന്നു കോണ്‍ട്രാക്ടര്‍ ഹോട്ടലില്‍ ഫോണ്‍ വിളിച്ചു അന്വേഷിച്ചു. ഫോണ്‍ എടുക്കാത്തതിനാല്‍ ജയപ്രകാശിനെ തിരഞ്ഞു ഹോട്ടല്‍ ജീവനക്കാര്‍ റൂമിലെത്തി പരിശോധിച്ചപ്പോഴാണു മൃതദേഹം കണ്ടത്. സംഭവത്തിനുശേഷം ജയപ്രകാശ് ഒളിവിലാണ്. ജയപ്രകാശിനായ് പൊലിസ് മണ്ണാര്‍ക്കാടും അന്യസംസ്ഥാനങ്ങളിലും അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇവിടെ ഭാര്യയും രണ്ട് കുട്ടികളും ജയപ്രകാശിനുണ്ട്. പതിനെഞ്ചാം വയസില്‍ നാടുവിട്ട ജയപ്രകാശ് പിന്നീട് 27ാം വയസിലാണ് തിരിച്ചെത്തിയത്. ഇയാള്‍ക്ക് ഒന്നിലധികം ഭാര്യമാരുള്ളതായി സുചനയുണ്ടെന്ന് പൊലിസ് പറയുന്നു