കേരളത്തിന് തോല്‍വി

Sunday 18 October 2015 10:41 pm IST

പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് സീസണിലെ ആദ്യ തോല്‍വി. പെരിന്തല്‍മണ്ണയില്‍ കരുത്തരായ ഝാര്‍ഖണ്ഡിനോട് 133 റണ്‍സ് തോല്‍വി വഴങ്ങി കേരളം. ജയിക്കാന്‍ രണ്ടാമിന്നിങ്‌സില്‍ 317 റണ്‍സെടുക്കേണ്ടിയിരുന്ന ആതിഥേയര്‍ 183ന് പുറത്തായി. ഇടംകൈയന്‍ സ്പിന്നര്‍ ഷഹബാസ് നദീമിന്റെ ഏഴു വിക്കറ്റ് പ്രകടനമാണ് കേരളത്തെ തകര്‍ത്തത്. സ്‌കോര്‍: ഝാര്‍ഖണ്ഡ് - 202, 262, കേരളം - 148, 183. വലുതെങ്കിലും അപ്രാപ്യമല്ലാതിരുന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിനായി ഓപ്പണര്‍ അക്ഷയ് കോടത്തിനു മാത്രമേ പിടിച്ചുനില്‍ക്കാനായുള്ളു. അക്ഷയ് 72 റണ്‍സെടുത്തു. വി.എ. ജഗദീഷ് (21), സച്ചിന്‍ ബേബി (21), റോബര്‍ട്ട് ഫെര്‍ണാണ്ടസ് (14), സഞ്ജു സാംസണ്‍ (12), രോഹന്‍ പ്രേം (ഒമ്പത്), റൈഫി വിന്‍സന്റ് ഗോമസ് (ആറ്) എന്നീ മുന്‍നിരക്കാര്‍ തീര്‍ത്തും നിരാശപ്പെടുത്തി. നദീമാണ് കളിയിലെ താരം.