ഹോം » കേരളം » 

സിപിഎമ്മിനെ സിപിയുടെ പ്രേതം ബാധിച്ചു: വെള്ളാപ്പള്ളി

October 19, 2015

vellapaആലപ്പുഴ: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ സര്‍ സിപിയുടെ പ്രേതം  ബാധിച്ചതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ചേന്നംപള്ളിപ്പുറം പഞ്ചായത്ത് തല മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ സിപിയുടെ കാലത്ത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് എങ്ങനെയാണോ പ്രവര്‍ത്തിക്കാന്‍ അവസരം നിഷേധിച്ചിരുന്നത് അതുപോലെയാണ് ഇന്ന് ഈഴവ സമുദായത്തോടുള്ള അവരുടെ സമീപനം. ഈഴവരെ ഒന്നിക്കാനും ആരുമായും സംസാരിക്കാനും ഇടപെടാനും അനുവദിക്കുന്നില്ല. സര്‍ സിപിയെ ഭയന്ന് പാവപ്പെട്ട കര്‍ഷകതൊഴിലാളികളുടെയും കയര്‍ഫാക്ടറി തൊഴിലാളികളുടെയും വീടുകളില്‍ അന്തിയുറങ്ങി അവര്‍ നല്‍കിയ കപ്പയും മീനും കഴിച്ച് വളര്‍ന്ന ഈ നേതാക്കളും അവരുടെ പിന്‍മുറക്കാരും സെവന്‍ സ്റ്റാര്‍ ദന്തഗോപുരങ്ങളിലാണ് ഇന്ന് അന്തിയുറങ്ങുന്നത്.

എന്നാല്‍ തൊഴിലാളികളുടെ അവസ്ഥയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല. വെള്ളാപ്പള്ളി നടേശന്‍ അഴിമതി നടത്തിയെന്ന് ആരോപിക്കുന്ന മാക്‌സിസ്റ്റ് നേതാക്കന്‍മാരുടെ ഇന്നത്തെ സാമ്പത്തിക സ്ഥിതി പരിശോധിക്കപ്പെടണം. രാഷ്ട്രീയ പ്രവര്‍ത്തനം ഇന്ന് വ്യവസായമാക്കി മാറ്റിയിരിക്കുകയാണ്. ഭരണഘടനാപരമായി സ്ത്രിക്ക് സംവരണം നല്‍കിയ നാട്ടില്‍ ഒരു സ്ത്രീയെപ്പോലും ഉള്‍പ്പെടുത്താതെ കാന്തപുരം പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും അതിനെതിരെ ശബ്ദിക്കാന്‍ ആരെയും കണ്ടില്ല.

ന്യൂനപക്ഷം പറഞ്ഞ് ആനൂകൂല്യങ്ങളെന്ന പേരില്‍ ഖജനാവ് കൊള്ളയടിക്കുന്നത് നോക്കി നിന്ന് നെടുവീര്‍പ്പിടാന്‍ വിധിക്കപ്പെട്ടവര്‍ മാത്രമാണ് ഈഴവ സമുദായമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചേര്‍ത്തല യൂണിയന്‍ കണ്‍വീനര്‍ കെ.കെ.മഹേശന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി പി.ടി.മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി.

Related News from Archive
Editor's Pick