ഹോം » കേരളം » 

സര്‍ക്കാര്‍ ധനസഹായം നല്‍കിയില്ലെന്ന് ടാക്‌സി ഉടമകള്‍

October 19, 2015

taxiതിരുവനന്തപുരം:ടാക്‌സി സര്‍വീസിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയില്ലെന്ന് ടാക്‌സി ഉടമകള്‍. തലസ്ഥാന നഗരത്തില്‍  പെണ്ണുങ്ങളോടിക്കുന്ന ടാക്‌സി എന്നും ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭമായ ഷീ ടാക്‌സി എന്നും കൊട്ടിഘോഷിച്ചുകൊണ്ട്് ആരംഭിച്ച ഷീ ടാക്‌സി സ്വന്തം ജാമ്യത്തിലാണ് വാങ്ങിയത്. ഇതിന് സര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭ്യമാക്കുമെന്ന വാഗ്ദാനം ഇതുവരെയും പാലിച്ചിട്ടില്ല.

സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് നടപ്പാക്കുന്ന നൂതന പദ്ധതിയായാണ് വനിതാവികസന കോര്‍പ്പറേഷന്‍ ഷീ ടാക്‌സി ആരംഭിച്ചത്. തുടക്കത്തില്‍ തിരുവനന്തപുരം നഗരത്തില്‍ മാത്രമായിരുന്നു സര്‍വ്വീസ. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്്. അഞ്ചുവനിതകളാണ് ടാക്‌സി ഓടിച്ചിരുന്നത്. അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ആവശ്യമാണെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍്  കാര്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ല.

സാധാരണ നിരക്കുതന്നെയാണ് ഷീ ടാക്‌സിക്കും ഈടാക്കുക. 8.5 ശതമാനം പലിശയ്ക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനാണ് വാഹനങ്ങള്‍ വാങ്ങാന്‍ വായ്പ നല്‍കിയത്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡാണ് ജെന്‍ഡര്‍ പാര്‍ക്കുമായി ഈ പദ്ധതിയില്‍ സഹകരിക്കുന്നത്. ജെന്‍ഡര്‍പാര്‍ക്ക് നിര്‍ദേശിക്കുന്ന വാഹനം തന്നെ വാങ്ങണമെന്ന നിബന്ധന ഉണ്ടായിരുന്നു. വാഹനത്തിന്റെ വശങ്ങളില്‍ പരസ്യം പതിക്കുന്നതിലൂടെ പ്രതിമാസം 10,000 രൂപ വരുമാനം ലഭിക്കുമെന്ന് ഉദ്ഘാടന വേളയില്‍ മന്ത്രി എം.കെ. മുനീര്‍ പ്രഖ്യാപിച്ചിരുന്നു. ഒരു പരസ്യത്തിന് ഒരു വര്‍ഷമാണ് കാലാവധി.  കാറില്‍ പരസ്യം പതിക്കുന്ന ചെലവായ 4000 രൂപ കാര്‍ ഉടമ തന്നെ വഹിക്കണം. പരസ്യത്തിനു ലഭിക്കുന്ന തുകയുടെ 10 ശതമാനം സര്‍ക്കാരിനും 40 ശതമാനം ജെന്‍ഡര്‍ പാര്‍ക്കിനും നല്‍കണം.  ബാക്കിവരുന്ന 50 ശതമാനം തുക മാത്രമാണ്  ഇവര്‍ക്കു ലഭിക്കുക. ഒരു വര്‍ഷം കഴിയുമ്പോള്‍ പരസ്യം നീക്കം ചെയ്യാനായി 3000 രൂപയും കാര്‍ ഉടമ തന്നെ ചെലവാക്കണം.

ഈ നിബന്ധനകളെക്കുറിച്ചൊന്നും വിശദമാക്കാതെ കരാറില്‍ ഒപ്പുവയ്പ്പിക്കുകയായിരുന്നു. കാര്‍ പാര്‍ക്കിംഗിനായി പ്രത്യേകം സ്ഥലം സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ജോലിക്ക് വരാനാകാത്ത വിവരം മൂന്നു ദിവസം മുമ്പ് അറിയിക്കണമെന്നാണ് നിബന്ധന. ഓട്ടം ലഭിക്കുന്നതിന്റെ 13 ശതമാനം തുക ഈ സര്‍വീസിന്റെ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സിയായ റെയിന്‍ കണ്‍സേര്‍ട്ടിന് നല്‍കുകയും വേണം. കൂടാതെ സ്വന്തം ആവശ്യത്തിന് വാഹനം ഉപയോഗിക്കാന്‍ പാടില്ല എന്ന നിബന്ധനയുമുണ്ട്. വായ്പ അനുവദിച്ചപ്പോള്‍ വനിതാവികസന കോര്‍പ്പറേഷന്‍ മുഖേന സര്‍ക്കാര്‍ ധനസഹായം അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ യാതൊരു സഹായവും ലഭിച്ചില്ലെന്ന് ടാക്‌സി ഉടമകള്‍ പറയുന്നു.
സ്ത്രീമുന്നേറ്റത്തിന്റെ പാതയിലെ ഒരു നാഴികക്കല്ലിന്റെ പ്രതീകമാണെന്നു പറയുമ്പോഴും ടാക്‌സി ഉടമകള്‍ ആശങ്കയിലാണ്.  ഈ ആവശ്യം ഉന്നയച്ച് സര്‍ക്കാരിന്ന് പരാതി നല്‍കിയിട്ടുണ്ട്. പരിഹാരമുണ്ടായില്ലെങ്കില്‍  അസോസിയേഷന്‍ രൂപീകരിച്ച് സര്‍ക്കാരിന് വീണ്ടും പരാതി നല്‍കാന്‍ ഒരുങ്ങുകയാണിവര്‍.

Related News from Archive
Editor's Pick