കഞ്ചാവ് വില്‍പ്പന; മുഖ്യപ്രതിയുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

Monday 19 October 2015 12:08 am IST

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലെ ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റിലെ പണിക്കാരായ  കഞ്ചാവ് വില്‍പന സംഘത്തിലെ മുഖ്യകണ്ണിയെയും അന്യസംസ്ഥാനക്കാരനെയും  വിവിധ  കേസുകളില്‍ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ റയോണ്‍പുരം കളപ്പുരയ്ക്കല്‍ അനസ് (35),  യുപി സഹറാന്‍പൂര്‍ സ്വദേശി ഷേര്‍ആലം (25) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. ഷേര്‍ ആലമിന്റെ സുഹൃത്തായ ഷാഹ്‌വേജിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.   പ്രതികള്‍ കഞ്ചാവ് ഉപയോഗിക്കുകയും  ചെറുപൊതികളാക്കി വില്‍പനനടത്തുകയും ചെയ്തിരുന്നതായി പോലിസ് പറഞ്ഞു. പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ  അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം ചെയ്തുവന്നിരുന്നയാളാണ് അനസ്. കിലോകണക്കിന് കഞ്ചാവ് തമിഴ്‌നാട്ടിലെ കഞ്ചാവ് വില്‍പനക്കാരില്‍ നിന്നും  എത്തിച്ചായിരുന്നു വില്‍പനയെന്ന് പോലീസ് അറിയിച്ചു.  മൂവാറ്റുപുഴ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തില്‍ കോതമംഗലം സിഐ എം.കെ.സജീവ്, എസ്‌ഐ സുധീര്‍ മനോഹര്‍, സിപിഒ മാരായ ഷിബി കുര്യന്‍, ജയലാല്‍, ജയിംസ് എന്നിവര്‍ ചേര്‍ന്നാണ്  കോതമംഗലം കുരൂര്‍ പാലത്തിന് സമീപത്ത് നിന്നും ഇയാളെ പിടികൂടിയത്. ഒരു കിലോയിലേറെ കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. പെരുമ്പാവൂര്‍ എക്‌സൈസ് പരിധിയില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ഇയാളുടെ പിതാവ് മയക്ക്മരുന്ന് വില്‍പന നടത്തിയതുമായി ബന്ധപ്പെട്ട് വിയ്യുര്‍ ജയിലിലാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും കോളേജ് കാമ്പസുകള്‍ കേന്ദ്രികരിച്ചും കഞ്ചാവുള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപഭോഗവും വില്‍പനയും വര്‍ദ്ധിച്ചതു സംബന്ധിച്ച് നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഇതിനിടയിലാണ് അറസ്റ്റ് നടന്നത്.