ഹോം » ഭാരതം » 

ദാദ്രി സംഭവത്തെ പിന്തുണച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തത്: ആര്‍എസ്എസ്

വെബ് ഡെസ്‌ക്
October 19, 2015

manmohan-vaidyaന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ നടന്ന സംഭവത്തെ പിന്തുണച്ചെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ആര്‍എസ്എസ്. അക്രമ സംഭവങ്ങളെ ആര്‍എസ്എസ് ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു. ദാദ്രി സംഭവത്തെപ്പറ്റി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ശരിയായ അന്വേഷണം നടത്തി കുറ്റക്കാരായവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും മന്‍മോഹന്‍ വൈദ്യ വ്യക്തമാക്കി.

പാഞ്ചജന്യ, ഓര്‍ഗനൈസര്‍ തുടങ്ങിയ വാരികകള്‍ ആര്‍എസ്എസിന്റെ മുഖപത്രങ്ങളല്ലെന്നും ആര്‍എസ്എസിനെപ്പറ്റിയും അതിന്റെ നിലപാടുകളെപ്പറ്റിയും സംഘത്തിന്റെ ഔദ്യോഗിക ഭാരവാഹികളാണ് അഭിപ്രായം പറയുകയെന്നും മന്‍മോഹന്‍ വൈദ്യ പറഞ്ഞു. ഹിന്ദി വാരികയായ പാഞ്ചജന്യത്തിന്റെ പുതിയ ലക്കത്തില്‍ ലഫ്‌സ് ജേണലിന്റെ എഡിറ്ററായ വിനയ് കൃഷ്ണ ചതുര്‍വേദി എന്നയാള്‍ എഴുതിയ ലേഖനമാണ് ആര്‍എസ്എസിന്റെ നിലപാടായി മാധ്യമങ്ങള്‍ വളച്ചൊടിച്ചത്.

വേദകാലത്ത് ഗോക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നതായും ഗോവധം മതാഭിമാനത്തിനേല്‍ക്കുന്ന വെല്ലുവിളിയായി കണക്കാക്കിയിരുന്നതായും ലേഖകന്‍ എഴുതി. ദാദ്രിയില്‍ കൊല്ലപ്പെട്ടയാള്‍ ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്തതിനാലാകാം മരണപ്പെട്ടതെന്നും ലേഖനത്തിലുണ്ട്. ഇതിനെ ആര്‍എസ്എസിന്റെ നിലപാടായി ചിത്രീകരിച്ചതോടെയാണ് വാരികകളില്‍ വരുന്നത് ആര്‍എസ്എസ് നിലപാടല്ലെന്ന മറുപടി അഖിലഭാരതീയ നേതൃത്വം വ്യക്തമാക്കിയത്.

ലേഖകന്‍ അയാളുടെ നിലപാടാണ് എഴുതിയിരിക്കുന്നതെന്നും പാഞ്ചജന്യ വാരികയുടെ പത്രാധിപ സമിതിയംഗമല്ല വിനയ് കൃഷ്ണ ചതുര്‍വേദിയെന്നും പാഞ്ചജന്യ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ പ്രസ്താവിച്ചു. ലേഖനം വാരികയുടെ മുഖപ്രസംഗമല്ലെന്നും വെറുമൊരു ലേഖനം മാത്രമാണെന്നും ഹിതേഷ് ശങ്കര്‍ പറഞ്ഞു.

അതിനിടെ ദാദ്രി സംഭവവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനകള്‍ നടത്തിയ ബിജെപി നേതാക്കളെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബിജെപി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. സാക്ഷി മഹാരാജ്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍, കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍, സംഗീത് സോം എന്നിവരെയാണ് അശോകാ റോഡിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയത്. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷവും ദാദ്രി സംഭവത്തെപ്പറ്റി നേതാക്കള്‍ പ്രതികരിക്കുന്നതിലുള്ള അതൃപ്തി ദേശീയ അധ്യക്ഷന്‍ ബിജെപി നേതാക്കളോട് വ്യക്തമാക്കിയെന്നാണ് അറിയുന്നത്.

Related News from Archive
Editor's Pick