ഹോം » കേരളം » 

തദ്ദേശ തെരഞ്ഞെടുപ്പ് : കേന്ദ്രസേന വരില്ലെന്ന് ഡി‌ജിപി

വെബ് ഡെസ്‌ക്
October 19, 2015

senkumarതിരുവനന്തപുരം‍: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു കേന്ദ്രസേനയുടെ സേവനം ലഭിക്കില്ലെന്നു ഡിജിപി ടി.പി. സെന്‍കുമാര്‍. ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേന്ദ്രസേനയെ മറ്റു സംസ്ഥാനങ്ങള്‍ക്കു ലഭിക്കാത്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തെരഞ്ഞെടുപ്പിനു അയല്‍ സംസ്ഥാനങ്ങളിലെ പോലീസിനെ പ്രയോജനപ്പെടുത്താന്‍ മാത്രമേ സാധിക്കുവെന്നു അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനായി 19 കമ്പനി കേന്ദ്ര സേനയെ ആവശ്യപ്പെട്ടുവെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. നീതിയുക്തമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനു കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു ഡിജി‌പി.

തെരഞ്ഞെടുപ്പ് നടത്തുന്നതിനു കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നു ജില്ലാ കളക്ടര്‍ പി. ബാലകിരണ്‍ ഉള്‍പ്പെടെ ആവശ്യമുന്നയിച്ചിരുന്നു. ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളുടെ എണ്ണം കണക്കിലെടുത്താണ് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടത്. കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നു കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തിന്റെ വനമേഖലകളില്‍ മാവോയിസ്റ്റ് സ്വാധീനം ഉണ്ട്. ഇവിടങ്ങളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അട്ടപ്പാടിയില്‍ പൊലീസിനു നേരെ വെടിവച്ച മാവോയിസ്റ്റുകളില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.

തെരുവ് നായകളെ കൊല്ലുന്നത് സംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ ഉറച്ചു നില്‍ക്കുന്നതായും ഡിജിപി പറഞ്ഞു. തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് പുറത്തിറക്കിയ സര്‍ക്കുലര്‍ സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ മറുപടി നല്‍കും. നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് വിശദീകരണം ചോദിക്കേണ്ടത് ഹൈക്കോടതിയാണ്. സര്‍വകക്ഷി യോഗത്തിലെ തീരുമാനം അനുസരിച്ച് പോലീസിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.

എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ കത്ത് തനിക്ക ലഭിച്ചിട്ടില്ല. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തന്നോട് ആരും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഡിജിപി പറഞ്ഞു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick