ഹോം » പ്രാദേശികം » മലപ്പുറം » 

ജനസഹസ്രങ്ങള്‍ ഒഴുകിയെത്തി; തിരുമാന്ധാംകുന്ന് ആട്ടങ്ങയേറ് ഭക്തിസാന്ദ്രം

October 19, 2015

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് ഭക്തര്‍ക്ക് അനുഗ്രഹ നിര്‍വൃതി.
ചരിത്രം ഉറങ്ങുന്ന മണ്ണിലെ പ്രസിദ്ധമായ ആട്ടങ്ങയേറിന് സാക്ഷികളാകാന്‍ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നത്. പന്തീരടി പൂജക്ക് മുമ്പായി ഭക്തജനങ്ങള്‍ ഇരുചേരിയായി നിന്ന് ആട്ടങ്ങകൊണ്ട് എറിഞ്ഞ് ഭക്തിനിര്‍ഭരായ അന്തരീക്ഷത്തില്‍ ആചാരം അനുഷ്ഠിച്ചു.
ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാവ് മഹര്‍ഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുള്ള യുദ്ധത്തിന്റെ അനുസ്മരണ പുതുക്കിയാണ് ആട്ടങ്ങയേറ് ആചരിക്കുന്നത്. വന്‍പടയുമായി യുദ്ധത്തിനെത്തിയ ഭദ്രകാളിയെ മഹര്‍ഷിയും ശിഷ്യരും നേരിട്ടത് തിരുമാന്ധാംകുന്നില്‍ കായ്ച്ചു നിന്നിരുന്ന ആട്ടങ്ങ എറിഞ്ഞായിരുന്നു.
ആട്ടങ്ങക്ക് ഉള്ളിലുണ്ടായിരുന്ന വിത്തുകള്‍ ശരം കണക്കെയാണ് ഭദ്രകാളിയുടെ പടക്ക് അനുഭവപ്പെട്ടത്. ഭദ്രകാളിയുടെ പട മഹര്‍ഷിയും ശിഷ്യന്മാരും എറിഞ്ഞ ആട്ടങ്ങക്ക് മുമ്പില്‍ ദയനീയമായി പരാജയപ്പെട്ടു.
ആ സ്മരണ പുതുക്കുന്നതിനാണ് എല്ലാവര്‍ഷവും തിരുമാന്ധാംകുന്നില്‍ ആട്ടങ്ങയേറ് ആചരിക്കുന്നത്. ആട്ടങ്ങ എറിയുന്നതും ഏറ് കൊള്ളുന്നതും അനുഗ്രഹമാണെന്ന് ഭക്തജനങ്ങള് വിശ്വസിക്കുന്നു.

മലപ്പുറം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick