ഹോം » പ്രാദേശികം » മലപ്പുറം » 

മെര്‍സ് രോഗം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്‌ക്രീനിംഗ് കേന്ദ്രം

October 19, 2015

മലപ്പുറം: മധ്യപൂര്‍വ്വ രാജ്യങ്ങളില്‍ മെര്‍സ് (മിഡില്‍ ഈസ്റ്റ് റസ്പിറേറ്ററി സിന്‍ഡ്രോം) എന്ന പകര്‍ച്ചരോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനുളള സ്‌ക്രീനിംഗ് കേന്ദ്രം കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടങ്ങി. പനി, ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണത്തോടെ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് രോഗമാണ് മെര്‍സ്. സ്‌ക്രീനിങില്‍ ഇത്തരം ലക്ഷണങ്ങള്‍ ഉളള യാത്രക്കാരെ കണ്ടെത്തിയാല്‍ നോഡല്‍ കേന്ദ്രങ്ങളായ കോഴിക്കോട് ബീച്ച് ആശുപത്രിയിലേയ്ക്ക് പ്രാഥമിക പരിശോധനയ്ക്കും ചികിത്സയ്ക്കുമായി എത്തിക്കുന്നതിനും തുടര്‍ ചികിത്സ ആവശ്യമെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭ്യമാക്കുന്നതിനുമുളള ക്രമീകരണങ്ങള്‍ ആരോഗ്യവകുപ്പ് ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് വിവരങ്ങള്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരെ അനൗണ്‍സ്‌മെന്റിലൂടെ അറിയിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ സഹായ കേന്ദ്രം വിമാനത്താവളത്തില്‍ തുടങ്ങിയിട്ടുണ്ട്.
ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഡി.എം.ഒ ഡോ. വി.ഉമ്മര്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ ആരോഗ്യസംഘം എയര്‍പോര്‍ട്ട് സമ്മേളന ഹാളില്‍ അടിയന്തരയോഗം ചേര്‍ന്നു. എയര്‍പോര്‍ട്ട് ജോയിന്റ് ജനറല്‍ മാനേജര്‍ മുഹമ്മദ്ഷാഹിദ്, ഡെ.ഡിഎംഒ ഡോ.എ. എ.ഷിബുലാല്‍ നോഡല്‍ ഓഫീസര്‍മാരായ ഡോ.ശ്രീബിജു, ഡോ. സി. ജെ.മൈക്കിള്‍, ഡോ.കെ.വി. ഹമീദ്, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. പി.ഗീത, ഡോ.ഷീല മാത്യു, ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ കെ.പി സാദിഖ് അലി, എ.ഒ.സി ചെയര്‍മാന്‍ ഫാറൂഖ് എച്ച് ബാത്ത, ഇത്തിഹാദ് എ.പി.എം അഞ്ജു നായര്‍ എന്നിവര്‍ സംസാരിച്ചു.
ഗള്‍ഫില്‍നിന്നും നാട്ടിലെത്തി 16 ദിവസത്തിനകം സമാനരോഗലക്ഷണമുളളവര്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടേണ്ടണം. രോഗപകര്‍ച്ച തടയുന്നതിന് രോഗബാധയുളളവരും രോഗലക്ഷണമുളളവരും മറ്റുളളവരുമായി അടുത്തിടപഴകരുത്, ജനങ്ങള്‍ തിങ്ങികൂടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയോ, ഹസ്തദാനം ചെയ്യുകയോ, അരുത് പൊതുസ്ഥലങ്ങളില്‍ തുപ്പന്നതും, സ്വയം ചികിത്സ ചെയ്യുന്നതും ഒഴിവാക്കണമെന്ന് ഡിഎംഒ അറിയിച്ചു.

Related News from Archive
Editor's Pick