ഹോം » കേരളം » 

ചെറിയാന്‍ ഫിലിപ്പ് മാപ്പു പറയണം: മുഖ്യമന്ത്രി

October 20, 2015

ummanchandyകാസര്‍കോട്: സ്ത്രീകള്‍ക്കെതിരെ ചെറിയാന്‍ ഫിലിപ്പ് നടത്തിയ പരാമര്‍ശങ്ങള്‍ ഖേദകരമാണെന്നും അദ്ദേഹം അത് പിന്‍വലിച്ച് സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അതിനെക്കാള്‍ തന്നെ വേദനിപ്പിച്ചത് ചെറിയാന്‍ ഫിലിപ്പിനെ പരസ്യമായി ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍ ചെറിയാനേക്കാള്‍ കൊടിയ അവഹേളനമാണ് സ്ത്രീകള്‍ക്കെതിരെ ഉണ്ടാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ ജനസഭ 2015 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ചെറിയ തോതിലുള്ള ഭിന്നതയും റിബല്‍ ശല്യവും ഉണ്ടായിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കാര്യത്തില്‍ ചില സ്ഥലങ്ങളില്‍ യോജിക്കാന്‍ സാധിച്ചില്ലെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരരംഗത്തുള്ള കോണ്‍ഗ്രസ് വിമതര്‍ക്ക് മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ ഒരവസരം കൂടി നല്‍കുമെന്നും പിന്മാറാത്ത പക്ഷം കടുത്ത അച്ചടക്ക നടപടിക്ക് വിധേയരാകേണ്ടി വരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

വിമതര്‍ക്ക് പിന്മാറാന്‍ ഒരവസരം കൂടി നല്‍കുകയാണ്. എത്രയും വേഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കണം. അതിന് തയ്യാറായില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ, ഡിസിസി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം സ്വാഗതവും ട്രഷറര്‍ വിനോദ് പായം നന്ദിയും പറഞ്ഞു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick