ഹോം » സംസ്കൃതി » 

മന്ത്രജപം എന്ത്? എങ്ങനെ?

October 20, 2015

Bhagavathi-Seva-Durga-Poojaദേവീദേവന്മാരെ പ്രീതിപ്പെടുത്താന്‍ നിരവധി മന്ത്രങ്ങളുണ്ട്. അവയില്‍ ചിലത് നാം പ്രയോഗിക്കാറുമുണ്ട്. എന്നാല്‍ മന്ത്രം ജപിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട പലതും ഉണ്ട്. അറിയാത്ത മന്ത്രങ്ങളോ, ഗുണങ്ങള്‍ അറിയാത്തതോ, തെറ്റായതോ ആയ മന്ത്രങ്ങള്‍ ജപിക്കുന്നത് ദോഷങ്ങള്‍ വരുത്തുവാന്‍ ഇടയാക്കുന്നതാണ്. അതിനാല്‍ ശരിയായ മന്ത്രങ്ങള്‍ ഉച്ചരിക്കുന്നതാണ് ഉത്തമം.

ഗൃഹസ്ഥാശ്രമികള്‍ക്കും കുട്ടികള്‍ക്കും ഭാര്യമാര്‍ക്കും എന്നുവേണ്ട എല്ലാവര്‍ക്കും മന്ത്രോച്ചാരണം നടത്താം. ദിവ്യശക്തിയുള്ള അക്ഷരങ്ങളോ, അക്ഷരങ്ങളുടെ കൂട്ടങ്ങളോ ആണ് മന്ത്രങ്ങള്‍. മനനംകൊണ്ട് നമ്മെ രക്ഷിക്കുന്നതെന്തോ അതാണ് മന്ത്രങ്ങള്‍. എല്ലാ മന്ത്രങ്ങളും ഓംകാരത്തില്‍നിന്ന് പിറക്കുന്നതാണ്. ഓം എന്ന മന്ത്രത്തില്‍ അ, ഉ, മ എന്നീ മൂന്നക്ഷരങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരെ കുറിക്കുന്നു.

മന്ത്രജപം നടത്തുമ്പോള്‍ നമ്മുടെ മനസ്സും ശരീരവും ഒന്നുപോലെ ശുദ്ധമായിരിക്കണം. നാം ജപിക്കുന്ന മന്ത്രങ്ങള്‍ വെറും അക്ഷരങ്ങളല്ല; മറിച്ച് അവ ഭഗവദ്ശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധമാണ്. അതിനാല്‍ വളരെ കൃത്യമായും ഉച്ചരിക്കേണ്ട രീതിപോലെയും തന്നെ മന്ത്രങ്ങള്‍ ഉച്ചരിക്കണം. പൂര്‍ണ്ണവിശ്വാസമുള്ള ആര്‍ക്കും മന്ത്രോപാസന നടത്താവുന്നതാണ്. മന്ത്രജപത്തിന് മന്ത്രം തെരഞ്ഞെടുക്കുമ്പോള്‍ ഇഷ്ടദേവതാ മന്ത്രം ജപിക്കുന്നതാണ് ഉത്തമം.

കറകളഞ്ഞ ഈശ്വരവിശ്വാസം, സ്‌നേഹം, ക്ഷമ, ഉത്തമസ്വഭാവം, സമാധാനം, നിശ്ചയദാര്‍ഢ്യം, സമയം, കൃത്യസംഖ്യ (108, 1008), നിരാഹാരം എന്നീ ഗുണങ്ങള്‍ മന്ത്രോച്ചാരണ വേളയില്‍ നാം പാലിക്കേണ്ടതാണ്. ഒരിക്കലും മന്ത്രങ്ങള്‍ മാറിമാറി ഉച്ചരിക്കരുത്. വിശ്വാസത്തില്‍ എടുക്കുന്ന മന്ത്രം തന്നെ നിത്യവും ജപിക്കുന്നത് ഉത്തമമാണ്.

Related News from Archive
Editor's Pick