ഹോം » കേരളം » 

അല്‍കേഷ് കുമാര്‍ ശര്‍മ ഡിഎംഐസിഡിസി മേധാവി

October 20, 2015

തിരുവനന്തപുരം: കേരള കേഡറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അല്‍കേഷ് കുമാര്‍ ശര്‍മയെ ഡല്‍ഹി-മുംബൈ വ്യവസായ ഇടനാഴി വികസന കോര്‍പറേഷന്റെ (ഡിഎംഐസിഡിസി) മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. അമിതാബ് കാന്തിനുശേഷം ഈ തസ്തികയില്‍ നിയമിക്കപ്പെടുന്ന രണ്ടാമത്തെ കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് അദ്ദേഹം. അമിതാബ് കാന്ത് ഇപ്പോള്‍ ഡിഎംഐസിഡിസി ചെയര്‍മാനാണ്.

ജപ്പാന്‍ സഹായത്തോടെ ആറു ലക്ഷം കോടി രൂപ മുടക്കി കേന്ദ്രസര്‍ക്കാര്‍ സ്ഥാപിക്കുന്ന ബൃഹത്തായ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ഡിഎംഐസിഡിസി. ഡല്‍ഹി, ഉത്തരപ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് 1500 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഡല്‍ഹിയില്‍ തുടങ്ങി മുംബൈ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖം വരെ നീളുന്ന പദ്ധതിയില്‍ പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ, സ്മാര്‍ട്ട്‌സിറ്റി പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അല്‍കേഷിന് കേന്ദ്ര റോഡുഗതാഗത, ഹൈവേ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് പുതിയ നിയമനം ലഭിച്ചത്. കേരള ടൂറിസം ഡയറക്ടറും കെടിഡിസി മാനേജിംഗ് ഡയറക്ടറുമായിരിക്കെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അദ്ദേഹത്തിന്റെ കീഴില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ കേരളത്തില്‍ ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളിലൊന്നായി മാറി.

കേരള ടൂറിസം ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്, മലബാര്‍ സിമന്റ്‌സ്, കെല്‍ട്രോണ്‍ എന്നിവയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്നു അല്‍കേഷ്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick