സംസ്‌കൃത ചിത്രം ഒഴിവാക്കിയത് പ്രതിഷേധാര്‍ഹം: വിഎച്ച്പി

Monday 19 October 2015 8:51 pm IST

കൊച്ചി: തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സംസ്‌കൃത ചിത്രത്തെ അവഗണിച്ച ജൂറി തീരുമാനം ദുരുപദിഷ്ടമാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്‍. സുധാകരന്‍ കുറ്റപ്പെടുത്തി. ലോകത്തിലെ മൂന്നാമത്തെ സംസ്‌കൃത സിനിമയായ പ്രിയമാനസം ലോകം മുഴുവന്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജര്‍മ്മനി, അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രത്തിന് വന്‍ പ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ചിത്രം നിര്‍മ്മിച്ച കേരളത്തില്‍ പ്രിയമാനസത്തെ അവഗണിക്കുന്നത് നിഗൂഢ താത്പര്യത്തെ മുന്‍നിര്‍ത്തിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 22 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു സംസ്‌കൃത സിനിമയുണ്ടാകുന്നത്. ഉണ്ണായിവാര്യരുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഈ സംസ്‌കൃത സിനിമയോടുള്ള ജൂറിയുടെ അവഗണന സംസ്‌കൃത ഭാഷയോടും നമ്മുടെ സംസ്‌കാരത്തോടുമുള്ള വെല്ലുവിളി കൂടിയാണ്. ലബ്ധപ്രതിഷ്ഠനായ കവി ഉണ്ണായിവാര്യരോടും കഥകളിയോടുമുള്ള ഈ അവഗണനക്കെതിരെ വിശ്വഹിന്ദു പരിഷത്ത് ശക്തമായി പ്രതിഷേധിക്കുന്നു. ജൂറി തീരുമാനം പുനഃപരിശോധനക്ക് വിധേയമാക്കി അര്‍ഹമായ പരിഗണന നല്‍കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.