ഹോം » പ്രാദേശികം » കണ്ണൂര്‍ » 

15 വര്‍ഷം; അഞ്ചരലക്ഷം വാഹനാപകടങ്ങള്‍: റോഡില്‍ പൊലിഞ്ഞത് അരലക്ഷത്തിലധികം ജീവനുകള്‍

October 19, 2015

കെ.എം. മഹേഷ്
കണ്ണൂര്‍: റോഡപകടങ്ങള്‍ കുറക്കുന്നതിനായി സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് നിയമങ്ങള്‍ കര്‍ശനമാക്കുമ്പോഴും വഴിയില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം കുറയുന്നില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശരാശരി 35000 ത്തില്‍ അധികം റോഡപകടങ്ങളും നാലായിരത്തില്‍ അധികം മരണങ്ങളും വര്‍ഷംതോറും കേരളത്തില്‍ സംഭവിക്കുന്നുണ്ട്. 2001 മുതല്‍ 2015 ഓഗസ്്റ്റ് മാസം വരെയുള്ള കണക്കുകള്‍ എടുത്തു പരിശോധിച്ചാല്‍ അഞ്ചര ലക്ഷത്തിലധികം വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍ 15 വര്‍ഷത്തിനിടെ 558672 റോഡപകടങ്ങളിലായി 53207 പേര്‍ മരണപ്പെട്ടു. 668164 പേര്‍ക്ക് പരിക്കേറ്റു. 2011 മുതല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മാത്രം കണക്കുപരിശോധിച്ചാല്‍ 169129 അപകടങ്ങളിലായി 19525 പേര്‍ മരിച്ചു. 192999 പേര്‍ക്ക് പരിക്കേറ്റു. ഈ വര്‍ഷം മാത്രം ആഗസ്റ്റ് 31 വരെ 26242 അപകടങ്ങളിലായി 2787 പേര്‍ മരണപ്പെടുകയും 28263 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു. 2001 ല്‍ 38361 ഉം, 2002 ല്‍38762 ഉം, 2003 ല്‍ 39496 ഉം, 2004 ല്‍ 41219 ഉം, 2005 ല്‍ 42363 ഉം, 2006 ല്‍ 41647 ഉം, 2007 ല്‍ 39917 ഉം, 2008- 37263, 2009- 35433, 2010- 35082, 2011- 35216, 2012- 36174, 2013- 35215 ഉം, 2014 ല്‍ 36282 ഉം അപകടങ്ങള്‍ ഉണ്ടായി. ഈ വര്‍ഷങ്ങളില്‍ യഥാക്രമം 2674, 2792, 2905, 3059, 3203, 3589, 3778, 3901, 3831, 3950, 4145, 4286, 4258, 4049 പേര്‍ മരിക്കുകയും, 49675, 49460, 48640, 51228, 51124, 49881, 48246, 43857, 41401, 41473, 41379, 41915, 40346, 41096 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 15 വര്‍ഷത്തിനിടെ ഏറ്റവും കൂടിയ മരണനിരക്ക് 2012-13 വര്‍ഷങ്ങളിലാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ് മരണനിരക്ക് ഉയര്‍ന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. പോലീസ് വാഹനപരിശോധനകളും പിഴചുമത്തലുകളും കര്‍ശനമായി നടത്തിവരുമ്പോഴും റോഡപകടങ്ങള്‍ക്കും അതുവഴിയുണ്ടാകുന്ന മരണങ്ങള്‍ക്കും കാര്യമായ കുറവൊന്നുമില്ല എന്നതാണ് പോലീസ് വകുപ്പുതന്നെ തയ്യാറാക്കിയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. വര്‍ദ്ധിച്ചുവരുന്ന വാഹനപെരുപ്പവും ആനുപാതികമായി റോഡുവികസനങ്ങള്‍ നടത്താത്തതുമാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍. നിയമം പാലിച്ച് മാത്രം വാഹനം ഓടിക്കാന്‍ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വാഹനപരിശോധനകളും മറ്റും കാര്യമായി ഫലം കാണുന്നില്ല. ഹെല്‍മെറ്റ് -സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, വാഹനത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുമായി സവാരി നടത്തുക, അമിതവേഗത തുടങ്ങിയ കാര്യങ്ങളാണ് വാഹനപരിശോധനകളില്‍ മുഖ്യമായും പരിശോധിക്കപ്പെടുന്നത്. നിയമം ലംഘിക്കുന്നവരില്‍ നിന്നും കനത്ത പിഴയാണ് സര്‍ക്കാരും മോട്ടോര്‍ വാഹനവകുപ്പും ഈടാക്കിവരുന്നത്. എന്നാല്‍ ഈ നിയമങ്ങള്‍ ഒക്കെ സര്‍ക്കാരിന്റെ വരുമാനമാര്‍ഗ്ഗങ്ങളിലൊന്നുമാ്രതമായി മാറിയിരിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന വാഹനപെരുപ്പങ്ങള്‍ക്കാനുപാതികമായി റോഡുവികസനവും കൂടി നടപ്പില്‍വരുത്തുകയും കൃത്യമായ ട്രാഫിക് സംവിധാനങ്ങള്‍ എര്‍പ്പെടുത്തുകയും വാഹനപെരുപ്പം പിടിച്ചുനിര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ വാഹനാപകടങ്ങള്‍ കുറക്കാന്‍ സാധിക്കുകയുള്ളു എന്നാണ് പൊതുവെയുള്ള അഭിപ്രായം.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick