ഹോം » കേരളം » 

ശബരിമല തീര്‍ഥാടനം: വിര്‍ച്വല്‍-ക്യൂ സംവിധാനത്തിന് തുടക്കമായി

October 20, 2015

sabarimala-rushതിരുവനന്തപുരം: ശബരിമല തീര്‍ഥാടനം സുഗമമാക്കുന്നതിനും തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും കേരളാ പോലീസ് നടപ്പിലാക്കിവരുന്ന വിര്‍ച്വല്‍-ക്യൂ സംവിധാനത്തിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. വിര്‍ച്വല്‍-ക്യൂ സംവിധാനം വഴി ബുക്ക് ചെയ്ത് വരുന്ന തീര്‍ഥാടകര്‍ക്ക് ക്യു നില്‍ക്കാതെ തന്നെ പമ്പയില്‍ നിന്ന് സന്നിധാനം നടപ്പന്തല്‍ വരെ എത്തുന്നതിന് പോലീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ വിര്‍ച്വല്‍-ക്യൂ സംവിധാനം ഉദ്ഘാടനം ചെയ്തു. കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അവസരം കിട്ടുന്നതിനായി ഒരാള്‍ക്ക് വിര്‍ച്വല്‍ -ക്യൂ വഴി ബുക്കുചെയ്യാവുന്ന തവണകളുടെ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡിജിപി പറഞ്ഞു. തിരുവനന്തപുരം റേഞ്ച് ഐ ജി മനോജ് എബ്രഹാം വിര്‍ച്വല്‍-ക്യൂ സംവിധാനം പരിചയപ്പെടുത്തി. ശബരിമല തീര്‍ഥാടനത്തിന്റെ ചീഫ് പോലീസ് കോ ഓര്‍ഡിനേറ്ററായ എഡിജിപി കെ. പത്മകുമാര്‍ സ്വാഗതവും എഐജി പിജി കെ.കെ. ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
ംംം.മെയമൃശാമഹമൂ.രീാ എന്ന വെബ്‌പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ശബരിമല വിര്‍ച്വല്‍-ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യാം. ഈ പോര്‍ട്ടലില്‍ തീര്‍ഥാടകരുടെ പേര്, വയസ്സ്, ഫോട്ടോ, വിലാസം, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്‌നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന കലണ്ടറില്‍ നിന്ന് ലഭ്യതയ്ക്കനുസരിച്ച് ദര്‍ശന ദിവസവും തീയതിയും തെരഞ്ഞെടുക്കാം. ബുക്കിങ് പൂര്‍ത്തിയാക്കിയശേഷം ദര്‍ശനസമയവും തീയതിയും തീര്‍ഥാടകന്റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ വിര്‍ച്വല്‍-ക്യൂ കൂപ്പണ്‍ കംപ്യൂട്ടറിലേക്ക് സേവ് ചെയ്ത് പ്രിന്റ് എടുക്കണം. ഈ കൂപ്പണ്‍ ദര്‍ശനദിവസം പമ്പയിലെ വെരിഫേക്കഷന്‍ കൗണ്ടറില്‍ കാണിച്ച് വിര്‍ച്വല്‍-ക്യൂ സംവിധാനം ഉപയോഗിക്കുന്നതിനുള്ള പ്രവേശന കാര്‍ഡ് കൈപ്പറ്റണം. ഈ പ്രവേശനകാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രമെ വിര്‍ച്വല്‍-ക്യൂ സമ്പ്രദായത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ.

വിര്‍ച്വല്‍-ക്യൂ കൂപ്പണ്‍ കൈവശമുള്ള തീര്‍ഥാടകര്‍ തങ്ങളുടെ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് കൈവശം കരുതേണ്ടതും വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിക്കേണ്ടതുമാണ്. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമല്ല. കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് മാത്രമെ വിര്‍ച്വല്‍-ക്യൂ വഴി പ്രവേശനം അനുവദിക്കുകയുള്ളൂ.

കേരള പോലീസ് നല്‍കുന്ന ഈ സേവനത്തിന് ഒരു വിധത്തിലുള്ള ഫീസും ഈടാക്കുന്നില്ല. വിര്‍ച്വല്‍-ക്യൂ സംവിധാനത്തില്‍ ബുക്ക് ചെയ്യാത്തവര്‍ക്ക് മുന്‍വര്‍ഷത്തെപ്പോലെ സാധാരണരീതിയില്‍ ക്യു നിന്ന് ദര്‍ശനം നടത്താം. കഴിഞ്ഞ വര്‍ഷം 13.5 ലക്ഷംപേര്‍ ഈ സേവനം ഉപയോഗിച്ചതില്‍ 5.6 ലക്ഷംപേര്‍ തമിഴ്‌നാട്ടില്‍ നിന്നും 3.3 ലക്ഷംപേര്‍ ആന്ധ്രാപ്രദേശില്‍ നിന്നും 2.8 ലക്ഷംപേര്‍ കേരളത്തില്‍ നിന്നും 75000 -ത്തോളംപേര്‍ കര്‍ണ്ണാടകയില്‍ നിന്നും ഉളളവരായിരുന്നു. വിര്‍ച്വല്‍-ക്യൂ സംവിധാനത്തില്‍ ബുക്ക് ചെയ്തുവരുന്നവര്‍ക്ക് വേണ്ടി പമ്പയില്‍ പത്തും ഗണപതി കോവിലില്‍ രണ്ടും വെരിഫിക്കേഷന്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌പോര്‍ട്ടല്‍ സന്ദര്‍ശിക്കുകയോ 0471-3243000, 3244000, 3245000 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യണം.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick