ഐഎഫ്എഫ്‌കെ: മത്സരചിത്രങ്ങളുടെ പട്ടികയായി

Tuesday 20 October 2015 12:27 pm IST

തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ അന്തിമ പട്ടിക തയ്യാറായി. പത്ത് വിദേശചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് മലയാളചിത്രങ്ങളായ ഒറ്റാല്‍, ചായംപൂശിയ വീട്, ബംഗാളി ചിത്രം രാജ് കാഹിനി, ഹിന്ദി ചിത്രം വയലിന്‍ പ്ലേയര്‍ എന്നിവയും സുവര്‍ണചകോരത്തിനായി മത്സരിക്കും. ഹാദി മൊഹഗേയുടെ ഇറാനിയന്‍ ചിത്രം 'മാമിറോ'(ഇമ്മോര്‍ട്ടല്‍), ഫിലിപ്പീനോ സംവിധായകന്‍ റോബില്‍സ് ലാനയുടെ 'അനിനോ സാ ലൈക്കോഡ് ങ് ബുവാന്‍' (ഷാഡോ ബിഹൈന്‍ഡ് ദ് മൂണ്), പാലസ്തീനിയന്‍ സംവിധായകന്‍ അറബ് നസേറിന്റെ 'ഡീഗ്രേഡ്', നേപ്പാളി സംവിധായകന്‍ മിന്‍ മഹദൂര്‍ ബാമിന്റെ 'കാലോ പോത്തി' (ദി ബളാക്ക് ഹെന്‍), ഇസ്രായേലി സംവിധായകന്‍ നിര്‍ ബെര്‍ഗ്മാന്റെ 'യോന', ബ്രസീലില്‍ നിന്ന് പീട്രസ് കെയ്‌റിയുടെ 'ക്ലാരിസ് ഓര്‍ സംതിങ് എബൗട്ട് അസ്, ഹെയ്തിയില്‍ നിന്നുള്ള റൗള്‍ പെക്ക് സംവിധാനം ചെയ്ത 'മര്‍ഡര്‍ ഇന്‍ പാക്കോട്ട്, ടുങ്ക് ഡേവിഡിന്റെ ടര്‍ക്കിഷ് ചിത്രം 'ഡോളന്മ' (എന്റാന്‍ഗിള്‍മെന്റ്), കസാക്ക് സംവിധായിക സന്ന ഇസബായേവയുടെ 'ബോപെം', അബു ഷഹേദ് ഇമോമിന്റെ ബംഗ്ലാദേശി ചിത്രം 'ജലാലേര്‍ ഗോല്‍പോ' (ജലാല്‍സ് സ്‌റ്റോറി) എന്നിവയാണ് മത്സരവിഭാഗത്തിലെ വിദേശചിത്രങ്ങള്‍. സംവിധായകന്‍ കമല്‍ ചെയര്‍മാനായ ജൂറിയാണ് ചിത്രങ്ങള്‍ തെരെഞ്ഞെടുത്തത്. സംവിധായകന്‍ സുദേവന്‍, നിരൂപകരായ സുധ വാര്യര്‍, പിറ്റി രാമകൃഷ്ണന്‍, പത്രപ്രവര്‍ത്തകന്‍ ആര്‍. അയ്യപ്പന്‍ എന്നിവരും ജൂറിയിലുണ്ടായിരുന്നു.