ഹോം » പ്രാദേശികം » ആലപ്പുഴ » 

മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ യുഡിഎഫിന്റെ പ്രകടന പത്രിക: ബിജെപി

October 20, 2015

ആലപ്പുഴ: ജില്ലയെ വികസന പാതയിലേക്ക് നയിക്കുന്നതെന്ന അവകാശവാദവുമായി പുറത്തിറക്കിയ യുഡിഎഫിന്റെ പ്രകടന പത്രിക നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയാണെന്ന് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി കെ. സോമന്‍. യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ഏക്കറുകണക്കിന് കൃഷിഭൂമി നികത്തി വന്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്താന്‍ അനുമതി നല്‍കിയവര്‍ കാര്‍ഷിക മേഖലയ്ക്ക് പ്രാമുഖ്യം നല്‍കണമെന്ന പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കലാണെന്ന് ആലപ്പുഴ മുനിസിപ്പാലിറ്റി മേഖലായോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി, വൈഫൈ സംവിധാനമാക്കി അവതരിപ്പിക്കുന്നതും വന്‍തട്ടിപ്പാണ്. വിദ്യാഭ്യാസ മേഖലയിലേതും യാഥാര്‍ത്ഥ്യത്തിനു നിരക്കാത്തതാണ്. കേന്ദ്രസര്‍ക്കാരിന്റെ ഒരുലക്ഷംവീട് പദ്ധതി യുഡിഎഫ് പ്രകടന പത്രികയില്‍ സമ്പൂര്‍ണ ഭവന പദ്ധതിയെന്ന പേരില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ട് ആലപ്പുഴ കുടിവെള്ള പദ്ധതി പോലും നടപ്പാക്കാന്‍ കഴിയാത്തവരാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. ഇത് പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. ഷാജന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ജി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick