ഹോം » വിചാരം » 

ശങ്കറും വിമോചനസമരവും

കമ്യൂണിസ്റ്റ് പ്രസ്ഥാനവും എസ്എന്‍ഡിപിയും - 3

കമ്മ്യൂണിസ്റ്റുസര്‍ക്കാരിനെതിരായ വിമോചനസമരത്തിന്റെ നായകസ്ഥാനത്ത് ആര്‍.ശങ്കര്‍ ഉണ്ടായിരുന്നു. ജാതിമതശക്തികള്‍ നയിച്ച വിമോചനസമരത്തില്‍ കോണ്‍ഗ്രസ് പങ്കാളിയായത് അംഗീകരിക്കാനാവാത്ത കോണ്‍ഗ്രസുകാരുണ്ടായിരുന്നു. എന്നാല്‍ ശങ്കറിന്റെ നിലപാട് വളരെ വ്യക്തമായിരുന്നു. വിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുക്കാന്‍ പുറപ്പെട്ട കമ്മ്യൂണിസ്റ്റുപാര്‍ട്ടി, ഒരു അടവുനയം എന്ന നിലയിലാണ് ഭാരതത്തില്‍ ജനാധിപത്യപ്രക്രിയയില്‍ പങ്കാളിയായത്. ഭരണഘടനയോട്, പുറമെകാണിച്ചിരുന്ന വിശ്വാസം ഒരു അടവു മാത്രമായിരുന്നു. കമ്മ്യൂണിസ്റ്റു ഭരണകൂടം 1957ല്‍ നിലവില്‍വന്നതോടെ അതിനെതിരായ മുന്നേറ്റവും ഉണ്ടായി.

കത്തോലിക്കാസഭയാണ് അതിനു നേതൃത്വം നല്‍കിയത്. ആദ്യത്തെ രണ്ട് വര്‍ഷം കോണ്‍ഗ്രസ് കാഴ്ചക്കാരായി നോക്കിനിന്നു. 1959 ജനുവരിയില്‍ ഇന്ദിരാഗാന്ധി കോണ്‍ഗ്രസിന്റെ പ്രസിഡന്റായി വരുകയും, അതേവര്‍ഷം ഏപ്രിലില്‍ ആര്‍.ശങ്കര്‍ കെപിസിസി പ്രസിഡന്റാവുകയും ചെയ്തതോടെ കോണ്‍ഗ്രസിന്റെ സമീപനം മാറി. പ്രധാനമന്ത്രി നെഹ്‌റുവിന് താല്‍പ്പര്യമില്ലാതിരുന്നിട്ടും ശങ്കര്‍ വിമോചനസമരത്തില്‍നിന്ന് പിന്മാറിയില്ല. 1959 ജൂണ്‍ 12-ാം തീയതി കമ്മ്യൂണിസ്റ്റു സര്‍ക്കാരിനെതിരായ കോണ്‍ഗ്രസ് സമരം പ്രഖ്യാപിച്ചു. (വിമോചനസമരം ഒരുരു പഠനം- കെ.ജി. ഗോപാലകൃഷ്ണന്‍ നായര്‍, ഡി.സി.ബുക്‌സ്, പേജ്-162)

1959 ജൂലൈ 31-ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. 1960ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണി വന്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍വന്നത് ശങ്കറിന്റെ രാഷ്ട്രീയശൈലിയുടെ വിജയം തന്നെയാണ്. വിമോചനസമരത്തിന്റെ ഗുണഭോക്താക്കള്‍ വര്‍ഗീയശക്തികളാണെന്നതില്‍ തര്‍ക്കമില്ല. (മന്നത്തുപത്മനാഭന്‍- ഹരിന്ദ്രനാഥക്കുറുപ്പ്, എന്‍എസ്എസ് ചങ്ങനാശ്ശേരി-1997) എന്നാല്‍ ശങ്കറിന്റെ നിലപാട് ജനാധിപത്യവിരുദ്ധമാണ് എന്നു പറയാനാവില്ല. കാരണം ജനാധിപത്യാശയങ്ങളില്‍ അടിയുറച്ച പ്രസ്ഥാനമല്ല കമ്മ്യൂണിസ്റ്റുപാര്‍ട്ടി. ജനാധിപത്യവ്യവസ്ഥയെ അവര്‍ ഉപയോഗിക്കുകയായിരുന്നു. ഇത്തരം അടവുനയത്തെ തകര്‍ക്കേണ്ടത് ജനാധിപത്യവാദികളുടെ കടമയാണ്. സംസ്ഥാനത്ത് ഉയര്‍ന്നുവന്ന കമ്മ്യൂണിസ്റ്റുവിരുദ്ധ വികാരത്തെ കണ്ടില്ല എന്നു നടിക്കുന്നത് പ്രതിപക്ഷമായ കോണ്‍ഗ്രസിന് യോജിച്ചതല്ല എന്നു ശങ്കര്‍ വിശ്വസിച്ചു. ജനാധിപത്യവിരുദ്ധ സര്‍ക്കാരിനെ ജനാധിപത്യസമരത്തിലൂടെ പുറത്താക്കുകയായിരുന്നു ജനങ്ങള്‍. 1960 ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആ സമരത്തെ ശരിവയ്ക്കുകയായിരുന്നു.

കേരളത്തില്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കു വേദിയൊരുക്കിയതില്‍ ശങ്കറിനു വലിയ പങ്കുണ്ട്. സംഘടിതമതശക്തികള്‍ എക്കാലത്തും കേരളത്തില്‍ ശക്തമായിരുന്നു. കമ്മ്യൂണിസ്റ്റുസെല്‍ഭരണം ജനാധിപത്യത്തെ തകര്‍ക്കുമെന്നു ശങ്കര്‍ വിശ്വസിച്ചു. ഇന്നും കണ്ണൂര്‍ ജില്ലയില്‍ കാണുന്ന ‘രാഷ്ട്രീയ സംസ്‌കാരം’ കേരളത്തില്‍ വ്യാപിപ്പിക്കാന്‍ നടത്തിയ ശ്രമമാണ് ജാതി-മതശക്തികള്‍ പിന്തുണച്ച വിമോചനസമരത്തിലൂടെ തകര്‍ത്തത്. വിമോചനസമരത്തില്‍ വര്‍ഗീയതയുടെ അതിപ്രസരമുണ്ടെങ്കിലും, ജനാധിപത്യകേരളത്തിന് അത് വലിയ സംഭാവന ചെയ്തു. കേരളം ഏകകക്ഷിഭരണത്തില്‍ തളയ്ക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെട്ടത് വിമോചനസമരത്തിന്റെ നേട്ടം കൊണ്ടാണ്.

1960 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-പിഎസ്പി മുന്നണി കമ്മ്യൂണിസ്റ്റപാര്‍ട്ടിയെ തോല്‍പ്പിച്ചു. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി രൂപീകരിച്ച മന്ത്രിസഭയില്‍ ശങ്കര്‍ ഉപമുഖ്യമന്ത്രിയായി. തുടര്‍ന്ന് 1962ല്‍ അദ്ദേഹം മുഖ്യമന്ത്രിയായി. ശങ്കറിന്റെ ഭരണനൈപുണ്യം തെളിയിക്കുന്ന നടപടികളാണ് പിന്നീട് കേരളം കണ്ടത്. 1957 ല്‍ അധികാരത്തില്‍വന്ന കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ വിദ്യാഭ്യാസ മാനേജുമെന്റിനെ നിയന്ത്രിക്കുന്ന ബില്‍ കൊണ്ടുവന്നതാണ് വിവാദമുണ്ടാക്കിയത്. വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് ഊന്നല്‍ നല്‍കിയില്ല. എന്നാല്‍ ശങ്കര്‍ ഭരണം വിദ്യാഭ്യാസരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്. ശങ്കറിന്റെ ഭരണകാലത്ത് ആരംഭിച്ച ബഹുഭൂരിപക്ഷം വിദ്യാലയങ്ങളും ഗ്രാമീണമേഖലയിലാണ്. അടിസ്ഥാനജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധമാക്കാന്‍ വിജയകരമായ പ്രവര്‍ത്തനം കാഴ്ചവച്ച മഹാനായ നേതാവായി ശങ്കറിനെ ചരിത്രം രേഖപ്പെടുത്തും.

ചുരുക്കത്തില്‍ കമ്മ്യൂണിസ്റ്റു കോട്ടയായി ചിത്രീകരിച്ച കേരളത്തില്‍ അതിനു കടിഞ്ഞാണ്‍ ഇട്ടുകൊണ്ട്, ജനാധിപത്യകേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സംഭാവന ചെയ്ത വ്യക്തിത്വമാണ് ആര്‍.ശങ്കറിന്റേത്. കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് ജനാധിപത്യപാര്‍ട്ടികളുടെ പിന്തുണയില്ലാതെ പിന്നീടൊരിക്കലും അധികാരത്തില്‍വരാന്‍ കഴിയാത്തതും ശങ്കറിന്റെ രാഷ്ട്രീയതന്ത്രത്തിന്റെ വിജയമാണ്. കമ്മ്യൂണിസ്റ്റ് വിപ്ലവാശയങ്ങളെ വിദ്യാഭ്യാസവിപ്ലവത്തിലൂടെയാണ് ശങ്കര്‍ നേരിട്ടത്. ശങ്കര്‍ സ്ഥാപിച്ച ബഹുഭൂരിപക്ഷം വിദ്യാലയങ്ങളും കമ്മ്യൂണിസ്റ്റുശക്തികേന്ദ്രങ്ങളിലായിരുന്നു. അത് ജനാധിപത്യകേരളത്തിന്റെ അടിത്തറ പാകലായിരുന്നു.

ആര്‍.ശങ്കര്‍ യുഗം കഴിഞ്ഞതോടെ എസ്എന്‍ഡിപി യോഗ നേതൃത്വം വീണ്ടും ദുര്‍ബലമായി. ഇതിനിടയില്‍ എസ്ആര്‍പി എന്ന പാര്‍ട്ടി രൂപീകരിച്ച് ഈഴവ രാഷ്ട്രീയ ശക്തി പരീക്ഷിക്കാന്‍ ശ്രമം നടത്തി. മുന്നണി രാഷ്ട്രീയത്തില്‍ ഇടം കിട്ടിയെങ്കിലും എസ്ആര്‍പി പരീക്ഷണം വിജയിച്ചില്ല. ഇതിനിടയിലും കമമ്യൂണിസ്റ്റ് പാര്‍ട്ടി അടവുനയങ്ങള്‍ പയറ്റി ഈഴവ സമൂഹത്തിലേക്ക് കൂടുതല്‍ കടന്നു ചെല്ലുന്ന കാഴ്ചയാണ് 1980കളില്‍ കണ്ടത്. ആര്‍.ശങ്കര്‍ സ്ഥാപിച്ച ഏതാണ്ട് എല്ലാ ശ്രീനാരായണകോളേജുകളും മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയുടെ താവളമാക്കി.

ശ്രീനാരായണഗുരുവിന് പകരം എസ്എന്‍ കോളേജുകളുടെ ചുവരുകളില്‍ മാര്‍ക്‌സിസ്റ്റ് ബിംബങ്ങള്‍ നിരന്നു. പല ക്ലാസ് മുറികളിലു ചെഗുവേരയുടെ ചിത്രങ്ങള്‍കൊണ്ട് അലങ്കരിക്കപ്പെട്ടു. എസ്എന്‍ കോളേജുകളിലെ അദ്ധ്യാപകരും മാര്‍ക്‌സിസ്റ്റു സംഘടനകളില്‍ മാത്രമായി ഒതുങ്ങി. പിന്നോക്ക ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ വിദ്യകൊണ്ട് പ്രബുദ്ധരാകാനുള്ള ശ്രീനാരായണ സന്ദേശം പ്രായോഗികമാക്കാന്‍ എസ്എന്‍ ട്രസ്റ്റ് ആരംഭിച്ച സരസ്വതിക്ഷേത്രങ്ങള്‍ മാര്‍ക്‌സിസ്റ്റു രാഷ്ട്രീയത്തിന്റെ നേഴ്‌സറികളായി മാറുന്ന കാഴ്ചയാണ് 1980കളിലും 1990കളിലും നാം കണ്ടത്. ബഹുഭൂരിപക്ഷംഎസ്എന്‍ കോളേജുകളും സംഘര്‍ഷമേഖലകളായി. രക്തസാക്ഷികള്‍ പെരുകി. മാത്രമല്ല മാര്‍ക്‌സിസ്റ്റു രക്തസാക്ഷിദിനങ്ങള്‍ ശ്രീനാരായണ കോളേജുകളിലെ ബഹുജനപരിപാടിയായി. ഗുരുവിന്റെ ജന്മദിനങ്ങളോ, സമാധിദിനങ്ങളോപോലും എസ്എന്‍ കോളേജുകളില്‍ ആചരിക്കാന്‍ കഴിയാത്ത സാഹചര്യം ഒരുങ്ങി.

എസ്എന്‍ഡിപി യോഗത്തിന്റെ ഏതാണ്ട് രണ്ടര പതിറ്റാണ്ടിന്റെ (1970-1995) നേതൃത്വ ദൗര്‍ബല്യം മുതലെടുത്ത് ഇഎംഎസിന്റെ നേതൃത്വത്തില്‍ അടവുനയങ്ങള്‍കൊണ്ട് സിപിഎം ശാക്തീകരിക്കുന്ന പ്രക്രിയ വിജയകരമായി മുന്നേറിയപ്പോള്‍ സ്വാഭാവികമായും ഈഴവ സമൂഹം മാര്‍ക്‌സിസ്റ്റ് കോട്ടകളില്‍ തളയ്ക്കപ്പെട്ടു. 1980കളില്‍ സംഘപ്രസ്ഥാനങ്ങള്‍ ശക്തമാകാന്‍തുടങ്ങിയതോടെ ഈഴവ യുവാക്കള്‍ ആര്‍എസ്എസില്‍ ചേരാന്‍ തുടങ്ങി. തുടര്‍ന്നാണ് വ്യാപകമായ കൊലപാതക രാഷ്ട്രീയം മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നടത്തുന്നത്. പുന്നപ്ര വയലാറില്‍ രക്തസാക്ഷികളാക്കപ്പട്ട നൂറുകണക്കിന് പോരാളികളില്‍ 95 ശതമാനവും ഈഴവര്‍ ആയതുപോലെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കുവേണ്ടി കൊലനടത്തിയവരും അവരാല്‍ കൊല്ലപ്പെട്ടവരും ഈഴവ-തിയ്യ വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു.

കണ്ണൂരില്‍ നടന്ന മുന്നൂറില്‍ അധികം കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ മാര്‍കിസ്റ്റു കൊലപാതകരാഷ്ട്രീയത്തില്‍ കൊലചെയ്യപ്പെട്ടവര്‍, പ്രതികളാക്കപ്പെട്ടവര്‍ തുടങ്ങിയവയില്‍ 90 ശതമാനവും ഈഴവ-തിയ്യ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സവര്‍ണ്ണ വിഭാഗങ്ങള്‍ പുന്നപ്ര വയലാറില്‍ എന്നപോലെ കണ്ണൂരിലും സുരക്ഷിതരാണ്. ഈഴവ സമുദായമാണ് ചാവേറുകളെ നല്‍കുന്നത്. എന്തുകൊണ്ട് ഈഴവസമുദായം ഒരു പാര്‍ട്ടിയ്ക്ക് വേണ്ടി ചാവേറാകുന്നു? എന്തുകൊണ്ട് എസ്എന്‍ഡിപിയുടെ വിദ്യാലയങ്ങള്‍ മാത്രം കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ നഴ്‌സറികളാകുന്നു എന്ന് പരിശോധിക്കേണ്ട സാഹചര്യം ഒരുങ്ങുന്നത് അതുകൊണ്ടാണ്.

വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത് 1996ല്‍ ആണ്. സംഘടനയെ സംബന്ധിച്ച് അത് ഒരുരു പുതുയുഗപിറവിയായി. കാലത്തിന്റെ വെല്ലുവിളികളെ സ്വീകരിച്ച് ശ്രീനാരായണ ധര്‍മ്മപ്രചാരണത്തിന് പുതിയമാനം നല്‍കി . ഈഴവസമുദായത്തിന്റെ രാഷട്രിയ-സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കുമ്പോള്‍തന്നെ വിശാലഹിന്ദു ഏകീകരണ ശ്രമങ്ങളെവെള്ളാപ്പള്ളിനടേശന്‍ അവഗണിച്ചില്ല.എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തികാന്‍ ശ്രമം നടത്തി. സംഘടിത മത-രാഷ്ട്രിയ ശക്തികള്‍ അത് തകര്‍ത്തു എങ്കിലും അദ്ദേഹം ആ ശ്രമത്തില്‍നിന്ന് പിന്മാറിയില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടര്‍ന്ന് എസ്എന്‍ഡിപി യോഗത്തിന് പുതിയ ഉണര്‍വും കര്‍മ്മപദ്ധതികളുമുണ്ടായി. മുന്നണി രാഷ്ട്രീയത്തില്‍ സംഘടിത മതശക്തികള്‍ എല്ലാം കയ്യടക്കുന്നത് ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങി. കണക്കുകള്‍ നിരത്തി ഈഴവസമുദായത്തിന് അര്‍ഹിക്കുന്നത് ലഭിക്കുന്നതിനുള്ള ജനമുന്നേറ്റങ്ങള്‍ നടത്തി.

ഈഴവ സമുദായത്തെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ ആരംഭിച്ച മൈക്രോഫിനാന്‍സ് പോലുള്ള പദ്ധികള്‍ വിജയകരമായി.കേരളത്തിലെ മുന്നണി ഭരണത്തില്‍ ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ അവഗണിക്കപ്പെടുന്നു എന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാട് വസ്തുതാപരമായിരുന്നു. നായാടി മുതല്‍ നമ്പൂതിരിെയവരെ ഏകീകരിച്ചു പൊതുമണ്ഡലത്തില്‍ നിലകൊള്ളണമെന്ന സമീപനം ഹിന്ദു ഏകീകരണശ്രമത്തിന് പുതിയ മാനം നല്‍കി. ഒപ്പം ശ്രീനാരായണ പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും അദ്ദേഹം ആരംഭിച്ചു.

സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് എസ്എന്‍ഡിപി യോഗമാണെങ്കിലും ബഹുഭൂരിപക്ഷം ഈഴവ സമുദായാംഗങ്ങളും സാമ്പത്തികമായി പിന്നോക്കമായി തുടരുന്നു എന്ന വസ്തുതയുടെ കാരണങ്ങള്‍ അകത്തിറങ്ങി പഠിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തയ്യാറായി. മാത്രമല്ല, സാധാരണ ഈഴവന്റെ കാലില്‍ കമ്മ്യൂണിസ്റ്റ് ചങ്ങലകൊണ്ട് ബന്ധിക്കപ്പെട്ടിരിക്കയാണെന്ന വസ്തുത വിളിച്ചുപറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി രംഗത്തുവരുന്നതിന് മുമ്പ് കമ്മ്യൂണിസത്തെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയത് എസ്എന്‍ഡിപി യോഗ നേതാവായിരുന്ന സഹോദരന്‍ അയ്യപ്പനാണ്. സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള സമരം ആദ്യം ആരംഭിക്കുന്നത് എസ്എന്‍ഡിപിയാണ്. ആദ്യത്തെ തൊഴിലാളി സംഘടനയ്ക്കും തൊഴില്‍ സമരത്തിനും പൗരസമത്വസമരത്തിനും നേതൃത്വം നല്‍കിയത് എസ്എന്‍ഡിപി യോഗമായിരുന്നു.

സി.കേശവന്‍ ജയിലില്‍ പോയത് പൗരാവകാശങ്ങള്‍ക്കുവേണ്ടി പോരാടിക്കൊണ്ടാണ്. ഈ സമരപാരമ്പര്യം എസ്എന്‍ഡിപി യോഗത്തിനുണ്ട് എന്ന് സിപിഎമ്മിനെ ഓര്‍മ്മിപ്പിക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിഞ്ഞു.ഈഴവ ജനതയെ ബന്ധിച്ച കമ്മ്യൂണിസ്റ്റ് ചങ്ങലയെ പൊട്ടിച്ചെറിയാന്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയത് ബോധവല്‍ക്കരണ പരിപാടികളാണ്. പുന്നപ്ര-വയലാറില്‍ കമ്മ്യൂണിസ്റ്റ് സവര്‍ണ്ണ നേതൃത്വം ബലികൊടുത്ത നൂറുകണക്കിന് രക്തസാക്ഷികളുടെ പേര്‍ ഇനിയും മാര്‍ക്‌സിസ്റ്റു പാര്‍ട്ടി പ്രസിദ്ധീകരിച്ചിട്ടില്ല. സവര്‍ണ്ണ സമുദായത്തിലെ ഒരാള്‍പോലും അവിടെ കൊല്ലപ്പെട്ടില്ല. എന്നാല്‍ ഈഴവര്‍ ബലിയാടുകളായി.

കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ കേരളത്തില്‍ എട്ട് തവണ മന്ത്രിസഭ ഉണ്ടാക്കി. ഇതില്‍ ഒരിക്കല്‍പോലും ഈഴവസമുദായാംഗത്തെ മുഖ്യമന്ത്രിയാക്കാന്‍ തയ്യാറായിരുന്നില്ല. 2006 ല്‍ വമ്പിച്ച പ്രതിഷേധം ഉണ്ടായതിനുശേഷമാത്രമാണ് വി.എസ്. അച്യുതാനന്ദന് മത്സരിക്കാന്‍ സീറ്റും മുഖ്യമന്ത്രി സ്ഥാനവും നല്‍കുന്നത്. 1987 ല്‍ ഗൗരിയമ്മയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് നടത്തിയിട്ടും മുഖ്യമന്ത്രിസ്ഥാനം അവര്‍ണന് ലഭിച്ചില്ല. 1996 ല്‍ സുശീലാഗോപാലനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമവും പാര്‍ട്ടിയിലെ സവര്‍ണ്ണലോബിയാല്‍ അട്ടിമറിക്കപ്പെട്ടു. എന്നാല്‍ കേരളം മുഴുവന്‍ പാര്‍ട്ടി കെട്ടിപൊക്കിയ രക്തസാക്ഷി മണ്ഡപങ്ങള്‍ ഈഴവസഖാക്കള്‍ക്ക് മാറ്റിവച്ചു എന്നത് എടുത്തുപറയുന്നതാണ്. ഇതിന്റെയൊക്കെ ജാതിതിരിച്ചുള്ള കണക്കുകള്‍ ‘യോഗനാദ’ത്തില്‍ പ്രസിദ്ധീകരിച്ചത് സമുദായതാല്‍പ്പര്യം മാനിച്ചുകൊണ്ടാണ്.

രാഷ്ട്രീയാതിപ്രസരത്താല്‍മങ്ങിയ ശ്രീനാരായണ വിദ്യാലയങ്ങളെ മാതൃകാ വിദ്യാലയങ്ങളാക്കാനുള്ള ശ്രമങ്ങളാണ് എസ്എന്‍ഡിപി യോഗവും സിപിഎമ്മും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍ എന്ന ലക്ഷ്യവുമായി സ്ഥാപിക്കപ്പെട്ട ശ്രീനാരായണ കോളേജുകള്‍ മാത്രമാണ് ഇന്നും സിപിഎം വിദ്യാര്‍ത്ഥി സംഘനയും അദ്ധ്യാപക സംഘടനയും കയ്യടക്കിവച്ചിരിക്കുന്നത്. എന്തുകൊണ്ട് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന ന്യൂനപക്ഷ സമുദായ കോളേജുകളില്‍ സിപിഎം ഇടപെടുന്നില്ല. എസ്എന്‍ കോളേജുകളില്‍ ആരാണ് രക്തസാക്ഷികളെ സൃഷ്ടിച്ചത്? അതിനും മറുപടി പറയേണ്ടത് സിപിഎമ്മാണ്. എസ്എന്‍ കലാലയങ്ങളില്‍ വിപ്ലവസൂക്തങ്ങളും മാര്‍ക്‌സിന്റെയും സ്റ്റാലിന്റെയും ചെഗുവേരയുടെയും ഫോട്ടോകളും പതിപ്പിച്ച് ഗുരുവിനെ പുറത്താക്കിയത് ചോദ്യം ചെയ്യപ്പെടണ്ടേ?

ഏതാണ്ട് പത്തുവര്‍ഷം ശ്രമിച്ചാണ് എസ്എന്‍ കോളേജുകളില്‍ ഗുരുവിന്റെ ‘ദൈവദശകം’ പ്രാര്‍ത്ഥനയായി വിദ്യാര്‍ത്ഥികള്‍ക്ക് കേള്‍ക്കാന്‍ അവസരം ഒരുങ്ങിയത്. ക്രിസ്ത്യന്‍ കോളേജുകളിലും മുസ്ലിം കോളേജുകളിലും മതപ്രാര്‍ത്ഥനയ്ക്ക് സിപിഎമ്മിന് എതിര്‍പ്പില്ല. മതേതരത്വത്തിന്റെ പേരില്‍ ശ്രീനാരായണഗുരുവിന്റെ നാമത്തിലുള്ള സ്ഥാപനങ്ങളെ സമരപ്പുരകളായും പാര്‍ട്ടിയുടെ നഴ്‌സറികളായും മാറ്റിയത് ചോദ്യം ചെയ്യാന്‍ കഴിഞ്ഞത് വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം ഏറ്റെടുത്തതുമുതലാണ്. ശ്രീനാരായണ കലാലയങ്ങളില്‍ നിന്ന് ചെഗുവേരയെ” മാറ്റി ശ്രീനാരായണഗുരുവിനെ പുനപ്രതിഷ്ഠിക്കുകഎന്നത് വലിയ ശ്രമം തന്നെയാണ്. ഈഴവ സമൂഹത്തിന് അര്‍ഹിക്കുന്ന അവകാശങ്ങള്‍ മാത്രമാണ് വെള്ളാപ്പള്ളി നടേശന്‍ മുന്നില്‍ വയ്ക്കുന്നത് എന്നതുകൊണ്ട് തന്നെ സഹോദരജാതി വിഭാഗങ്ങള്‍ക്ക് അദ്ദേഹം സ്വീകാര്യനാകുന്നു. എസ്എന്‍ഡിപി യോഗ് ഭാരതം ഭരിച്ച എല്ലാ പാര്‍ട്ടികളുടെയും സഹകരണം തേടിയിട്ടുണ്ട്. ശിവഗിരിയില്‍ പ്രമുഖ ദേശീയ രാഷ്ട്രീയ നേതാക്കളെല്ലാം സന്ദര്‍ശിച്ചിട്ടുമുണ്ട്.

ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റിനെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സന്ദര്‍ശിച്ചതില്‍ എന്താണ് തെറ്റുള്ളത്. മാത്രമല്ല അത് ഒരു സംഘടനയുടെ ആഭ്യന്തര കാര്യമാണ്. ഗുരുദേവനെ ഹിന്ദുസന്യാസിയാക്കുന്നു, സംഘപരിവാറുമായി ബന്ധം സ്ഥാപിക്കുന്നു എന്നീ ആരോപണങ്ങള്‍ ബാലിശമാണ്. ഹിന്ദുമത നവീകരണം ഗുരുവിന്റെ വികസന പദ്ധതിയില്‍ ഒരു അജണ്ടതന്നെയാണ്. ദൈവദശകം മുതല്‍ ദര്‍ശനമാല വരെയുള്ള കൃതികള്‍ ഹിന്ദുമതസംബന്ധിയാണ്. ഗുരുവിന്റെ അദ്വൈത സിദ്ധാന്തവും ഹിന്ദുധര്‍മ്മ വിശ്വാസമാണ്. ഡസന്‍കണക്കിന് ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ച ശ്രീനാരായണഗുരു എഴുതിയ മുപ്പത്തിമൂന്ന് സ്‌തോത്രകൃതികള്‍ ഹിന്ദുദേവന്മാരേയും ദേവിയെയും സ്തുതിച്ചുകൊണ്ടാണ്. ഗുരുവിന്റെ ഇഷ്ടദേവനായശ്രീ സുബ്രഹ്മണ്യന്‍ ഹിന്ദുദേവനാണ്. ഇങ്ങനെയൊക്കെയായിട്ടും വെള്ളാപ്പള്ളി നടേശന്‍ ഗുരുവിനെ ഹിന്ദുവാക്കി എന്ന് ആരോപിക്കുന്ന പിണറായി വിജയന്‍ വസ്തുതകളെ പൂര്‍ണ്ണമായും വിസ്മരിക്കുകയാണ്.

(നാളെ:എസ്എന്‍ഡിപി യോഗത്തെ
സിപിഎമ്മിന് ഭയം)

Related News from Archive
Editor's Pick