ഹോം » കേരളം » 

മാസപൂജാ വേളയിലും ശബരിമലയില്‍ ഹൃദ്രോഗ ചികിത്സയൊരുക്കാന്‍ നിര്‍ദേശം

October 20, 2015

sabariപത്തനംതിട്ട: ശബരിമലയില്‍ മാസപൂജയ്ക്ക് നട തുറക്കുന്ന ദിവസങ്ങളിലും ഹൃദ്രോഗ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കണമെന്നു നിയമസഭാ സമിതി ആരോഗ്യ വകുപ്പ് അധികൃതരോട് നിര്‍ദേശിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നല്‍കിയ ഉറപ്പുകള്‍ പരിശോധിക്കാനാണ് സമിതി ശബരിമലയിലെത്തിയത്. വി.എസ് സുനില്‍കുമാറിനൊടൊപ്പം സമിതിയംഗമായ പി.കെ. ബഷീര്‍ എംഎല്‍എയും പങ്കെടുത്തു.

പമ്പയില്‍ തുണി നിക്ഷേപിക്കുന്നത് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായി തടയണം. തുണി നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് വിവിധ ഭാഷകളില്‍ അനൗണ്‍സ്‌മെന്റ് നടത്തണം. ശുദ്ധമായ കുടിവെള്ളം നല്‍കാന്‍ കൂടുതല്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണം. ഇതിനായി തിരുപ്പതി മോഡല്‍ സ്വീകരിക്കണമെന്നും ശുദ്ധജലം ലഭ്യമാക്കുന്നതിലൂടെ ശബരിമലയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും സമിതി അഭിപ്രായപ്പെട്ടു.

തീര്‍ഥാടകര്‍ ക്യു നില്‍ക്കുന്ന സ്ഥലങ്ങളില്‍ അരവണ ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ക്ക് ടിക്കറ്റ് എടുക്കുന്നതിനുള്ള കൗണ്ടര്‍ സ്ഥാപിക്കുന്നത് ദേവസ്വം ബോര്‍ഡ് പരിഗണിക്കണം. മാസപൂജ സമയത്ത് തീര്‍ഥാടകര്‍ക്ക് വാഹന പാര്‍ക്കിംഗിന് സൗകര്യമൊരുക്കണം. ഇതിനുള്ള സ്ഥലം നിര്‍ദേശിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ശബരിമലയിലെ ശുചിത്വസേനയുടെ സേവനം മാസപൂജ സമയത്തും ലഭ്യമാക്കണം.

പമ്പയിലെ ഹോട്ടലുകള്‍ മാലിന്യം പുഴയിലേക്ക് തള്ളുന്നതു തടയണമെന്നും ശുചിത്വം പാലിക്കാത്ത ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും സമിതി നിര്‍ദേശിച്ചു. മരക്കൂട്ടത്ത് ഹോട്ടലില്‍ സമിതി മിന്നല്‍ പരിശോധന നടത്തി. നിലയ്ക്കലില്‍ കുടിവെള്ളമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കണം. സന്നിധാനത്ത് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നവംബര്‍ 10 മുതല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് സമിതിയെ അറിയിച്ചു.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് അന്യസംസ്ഥാനത്തു നിന്നുള്ള ഹൗസ് സര്‍ജന്മാരുടെ സേവനം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സമിതിയെ അറിയിച്ചു. പുല്ലുമേട് ദുരന്തത്തില്‍ മരണമടഞ്ഞ 12 പേര്‍ക്ക് സഹായധനം നല്‍കുന്നതിന് കാലതാമസം ഉണ്ടായതിനെക്കുറിച്ചും ദേവസ്വം ബോര്‍ഡ് നല്‍കിയ തുക സംബന്ധിച്ചും സമിതിക്കു റിപ്പോര്‍ട്ട് നല്‍കണം. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും സമിതി നിര്‍ദേശിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഫണ്ട് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനും, ആരോഗ്യവകുപ്പിന് തീര്‍ത്ഥാടനകാലത്ത് ആധുനിക സംവിധാനങ്ങളോട് കൂടിയ രണ്ട് ആംബുലന്‍സുകളെങ്കിലും ലഭ്യമാക്കണമെന്നും ശബരിമലയിലെ ക്യൂ സംവിധാനത്തിന് പകരം എക്‌സ്‌കലേറ്റര്‍ സംവിധാനം പരിഗണിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യും.

പമ്പ വാട്ടര്‍ അതോറിറ്റി ഹാളില്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരുമായി സമിതി ചര്‍ച്ച നടത്തി. ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും തീര്‍ത്ഥാടനകാലം അവസാനിക്കുന്നതിന് മുന്‍പ് ഒരു തവണ കൂടി ശബരിമല സന്ദര്‍ശിക്കുമെന്നും അധ്യക്ഷന്‍ വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍, ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ , ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ ടി. വി സുഭാഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Related News from Archive
Editor's Pick