ഹോം » കേരളം » 

പുന്നപ്ര വയലാര്‍ വാരാചരണം ഇന്നു മുതല്‍ : തൊഴിലാളികളെ തോക്കിനു മുന്നിലേക്കയച്ചത് മനോരമയുടെ പണം വാങ്ങി

CPMആലപ്പുഴ: സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അസ്ഥിവാരമിട്ട പുന്നപ്ര വയലാര്‍ സമരത്തില്‍ പാവപ്പെട്ട കര്‍ഷക, കയര്‍ തൊഴിലാളികളെ പട്ടാളത്തിന്റെ തോക്കിനു മുന്നിലേക്ക് അയച്ചത് മനോരമ സ്ഥാപകന്‍ കെ.സി. മാമ്മന്‍ മാപ്പിളയില്‍ നിന്ന് പണം വാങ്ങി. സര്‍ സിപിയും മാമ്മന്‍മാപ്പിളയുമായുള്ള ശത്രുത മുതലെടുത്താണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള പണം കണ്ടെത്തിയതെന്ന് സമരനായകരിലൊരാളും സിപിഐയുടെ പ്രമുഖ നേതാവുമായിരുന്ന കെ.സി. ജോര്‍ജ് എഴുതിയ പുന്നപ്ര-വയലാര്‍ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1972ല്‍ പുന്നപ്ര-വയലാര്‍ സമരത്തിന്റെ 25-ാമത് വാര്‍ഷികാചരണങ്ങളുടെ ഭാഗമായി സിപിഐ ഔദ്യോഗികമായാണ് കെ.സി. ജോര്‍ജിനെ നിയോഗിച്ച് പുസ്തകം പ്രസിദ്ധീകരിച്ചത്. സമരത്തില്‍ നേരിട്ട് പങ്കെടുത്ത് യാതനകള്‍ നിരവധി ഏറ്റുവാങ്ങിയ കെ.സി. ജോര്‍ജ്, സമരത്തിലെ പൊള്ളത്തരങ്ങളും വഞ്ചനയും മറ്റും ഈ പുസ്തകത്തില്‍ തുറന്നു പറയുന്നുണ്ട്.
അതില്‍ പ്രധാനമാണ് കമ്യൂണിസറ്റുകാര്‍ ഇന്ന് പരസ്യമായി ഏറ്റവും അധികം എതിര്‍ക്കുന്നതായി പറയപ്പെടുന്ന മനോരമയുടെ സ്ഥാപകന്റെ സര്‍ സിപിയോടുള്ള ശത്രുത മുതലെടുക്കാന്‍ അന്നത്തെ നേതാക്കള്‍ നടത്തിയ വഞ്ചനയുടെ കഥ.

കെ.സി. ജോര്‍ജും വി. പരമേശ്വരനും മദ്രാസില്‍ താമസിക്കുകയായിരുന്ന കെ.സി. മാമ്മന്‍ മാപ്പിളയെ നേരില്‍ സന്ദര്‍ശിച്ചാണ് പണം വാങ്ങിയത്. പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഫണ്ട് പിരിവ്. തിരുവിതാംകൂര്‍ നാഷണല്‍ ക്വയിലോണ്‍ ബാങ്ക് പൂട്ടിയതില്‍ മാമ്മന്‍മാപ്പിളയ്ക്ക് സര്‍ സിപിയോട് കടുത്ത ശത്രുതയുണ്ടായിരുന്നു.
പുസ്തകത്തില്‍ പറയുന്നു ”വിവരങ്ങളെല്ലാം കേട്ടപ്പോള്‍ അദ്ദേഹത്തിന് വലിയ സന്തോഷമായി. സിപി ഭരണത്തിന്റെ ശവക്കുഴി തോണ്ടുന്ന ഒരു സമരമായിരിക്കും അതെന്നുള്ള അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാന്‍ അദ്ദേഹം മടിച്ചില്ല. 250 രൂപ സംഭാവന നല്‍കിക്കൊണ്ട് ഇനിയും ആവശ്യമുണ്ടാകുമ്പോള്‍ തരാം എന്നും വാഗ്ദാനം ചെയ്തു”.
മാമ്മന്‍ മാപ്പിളയും കൂട്ടരും എല്ലായ്‌പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സഹായിക്കാന്‍ തയ്യാറായിരുന്നുവെന്നും പുസ്തകത്തില്‍ സൂചിപ്പിക്കുന്നു.

വയലാര്‍ വെടിവയ്പിന്റെ അടുത്ത ദിവസങ്ങളില്‍ നാടൊട്ടുക്കും പോലീസിന്റെ നരനായാട്ടായിരുന്നു. തൊഴിലാളികളും പാര്‍ട്ടി പ്രവര്‍ത്തകരും മുഴുവന്‍ ഒളിവില്‍ പോയി. എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കിയ ടി.വി. തോമസും പി.കെ. പത്മനാഭനും പരസ്യമായി അവരവരുടെ വീടുകളില്‍ തന്നെ കഴിഞ്ഞതായി ”ഉത്തരം കാണേണ്ട ഒരു ചോദ്യം” എന്ന അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആവേശമുയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍ കുടുങ്ങി സഖാക്കളും തൊഴിലാളികളും ധീരതയുടെ പുതു അദ്ധ്യായങ്ങള്‍ രചിച്ചപ്പോള്‍ കമ്യൂണിസ്റ്റ് നേതൃത്വം നടത്തിയ വഞ്ചനയും ഇരട്ടത്താപ്പും 69-ാമത് സമര വാരാചരണ കാലയളവിലും ചര്‍ച്ചചെയ്യപ്പെടാതെ പോകുകയാണ്.

Related News from Archive
Editor's Pick