ഹോം » കേരളം » 

സംവരണ രീതിയില്‍ മാറ്റമില്ല: ബിജെപി

October 20, 2015

AMITH-SHA-TVMഔറംഗാബാദ്: നിലവിലുള്ള സംവരണരീതി അതുപോലെ തന്നെ തുടരുമെന്നും ഇതില്‍ യാതൊരുമാറ്റവും വരുത്തുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി.

ബീഹാറില്‍ എതിരാളികള്‍ നടത്തുന്ന ദുഷ്പ്രചാരണത്തിന് മറുപടി പറയുകയായിരുന്നു ഷാ.ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും ജെഡിയു നേതാവ് നിതീഷ് കുമാറും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിന്റെ വികസനത്തിനായി 1.25 ലക്ഷം കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 40,000 കോടി രൂപ നിലവിലുള്ള പദ്ധതികള്‍ തുടരുവാനുള്ളതാണ്. ഇതില്‍ ബീഹാറികള്‍ പ്രധാനമന്ത്രിയോട് നന്ദിയുള്ളവരാണെന്നും ഷാ പറഞ്ഞു. വര്‍ഷങ്ങളായി ബീഹാറിലെ പദ്ധതികള്‍ മുടങ്ങിക്കിടക്കുവാന്‍ കാരണം രണ്ട് നേതാക്കളാണ്. ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ പ്രത്യേക പാക്കേജിലൂടെ ബീഹാറിലെ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സഖ്യം നാലില്‍ മൂന്ന് ഭൂരിപക്ഷം നേടി അധികാരത്തിലെത്തും. ബിജെപി തനിച്ച് 120 സീറ്റുകള്‍ നേടും. എന്‍ഡിഎ 185 സീറ്റുകളും നേടും. ബീഹാറിനെ വികസനത്തിലേക്ക് നയിക്കുവാന്‍ ശക്തമായ സര്‍ക്കാര്‍ വേണമെന്നും ഷാ പറഞ്ഞു.
ദാദ്രി, കല്‍ബുര്‍ഗി വിഷയങ്ങളില്‍ അതത് സംസ്ഥാനങ്ങളാണ് ഉത്തരവാദി. യുപി, കര്‍ണ്ണാടക സംസ്ഥാനങ്ങളിലാണ് ഇവയുണ്ടായത്. ഒരിടത്ത് സമാജ്‌വാദി പാര്‍ട്ടിയും മറ്റൊരിടത്ത് കോണ്‍ഗ്രസുമാണ് ഭരിക്കുന്നത്. അതിനു ബിജെപിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ക്രമസമാധാനച്ചുമതല അതത് സംസ്ഥാനങ്ങള്‍ക്കാണ്, അമിത് ഷാ പറഞ്ഞു.

നിലവിലുള്ള സംവരണനയത്തെ  പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുണ്ടെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. ഭരണഘടനയില്‍ വിഭാവനം ചെയ്തിരിക്കുന്ന സംവരണ നയത്തെ പരിപൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുണ്ട്. ഇതുസംബന്ധിച്ച സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശങ്ങളെ വളച്ചൊടിച്ച് ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു. ആര്‍എസ്എസ് വടക്കുകിഴക്കന്‍ മേഖലയുടെ ചുമതലയുള്ളഡോ.മോഹന്‍ സിംഗ് പറഞ്ഞു. ഭാഗവതിന്റെ പരാമര്‍ശങ്ങളെ വളച്ചൊടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സംവരണം സംബന്ധിച്ച ആര്‍എസ്എസിന്റെ നയങ്ങളെപ്പറ്റി ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നതിനെ ശക്തമായി അപലപിക്കുകയാണ്. ഒബിസി, ഇബിസി, പട്ടിക ജാതി വര്‍ഗങ്ങള്‍ക്ക് സംവരണം വഴിയുള്ള ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കണമെന്നു തന്നെയാണ് ആര്‍എസ്എസിന്റെ നിലപാട്, അദ്ദേഹം പറഞ്ഞു.

Related News from Archive
Editor's Pick