ഹോം » പ്രാദേശികം » പാലക്കാട് » 

ഒരുവര്‍ഷം കഴിഞ്ഞിട്ടും എന്‍ഡോസള്‍ഫാന്‍ നീക്കിയില്ല

October 20, 2015

മണ്ണാര്‍ക്കാട്: തത്തേങ്ങലം കശുവണ്ടി എസ്റ്റേറ്റില്‍ സുരക്ഷാബാരലില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യാന്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടിയായില്ല.
എന്‍ഡോസള്‍ഫാന്‍ നീക്കംചെയ്യേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നു പറഞ്ഞ് കോര്‍പ്പറേഷന്‍ കയ്യൊഴിഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടാവാത്തതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്.
ശേഖരം നീക്കാനും നശിപ്പിക്കാനുമായി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സ്ഥിതിയാണ്. 2014 ഒക്ടോബര്‍ 12നാണു തത്തേങ്ങലത്തെ 314 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ വിദഗ്ധര്‍ പുതിയ ബാരലുകളിലേക്കു മാറ്റിയത്. കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ശേഖരം കേരളത്തിന്റെ പുറത്തു കൊണ്ടുപോയി നശിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ദ്രവിച്ച ബാരലുകളിലെ എന്‍ഡോസള്‍ഫാന്‍ ശേഖരം യുഎന്‍ അംഗീകൃത നിലവാരമുള്ള ബാരലുകളിലേക്കു മാറ്റുകയായിരുന്നു.
മണ്ണാര്‍ക്കാട് 225 ലിറ്റര്‍ ദ്രാവകാവസ്ഥയിലും ബാക്കിയുള്ളത് ഖരാവസ്ഥയിലുമാണ് സൂക്ഷിച്ചിരുന്നത്. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ്, കാല്‍സ്യംകാര്‍ബണൈറ്റ്, സോഡിയം പെറോക്‌സൈഡ് എന്നിവയും ബാരലിലേക്ക് മാറ്റിയിരുന്നു.
ഡിസംബര്‍ 12നകം കേരളത്തിന് വെളിയില്‍ നിര്‍വീര്യമാക്കുന്നതിനായി കൊണ്ടുപോകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ടെണ്ടര്‍വിളിച്ച് ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തില്‍ ഇവിടെ നിന്നും കൊണ്ടുപോകുമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയുമായില്ല എന്നതാണ് വാസ്തവം. എത്രകണ്ട് വീര്യംകൂടിയതാണോ കൊണ്ടുപോകുന്നതിന് അത്രയും ചിലവ് വര്‍ദ്ധിക്കും.
ഈ ഉറപ്പ് നടപ്പാകാത്തതിനെ തുടര്‍ന്നു വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും 2015 ഫെബ്രുവരി 15നകം നശിപ്പിക്കുമെന്നുമായിരുന്നു മന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ്. അതും നടപ്പായില്ല.
ഇതേ തുടര്‍ന്നു കാസര്‍കോട് കലക്‌റുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എറണാകുളം ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡില്‍ എത്തിച്ചു നശിപ്പിക്കാന്‍ തീരുമാനമായിരുന്നു.
എന്നാല്‍ ഇതിന് എറണാകുളം കലക്ടര്‍ അനുമതി നല്‍കിയില്ല. ഇതോടെ എന്‍ഡോസള്‍ഫാന്‍ ശേഖരം നശിപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും പാളുകയായിരുന്നു. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ ശേഖരം ഇവിടെ തന്നെ സൂക്ഷിക്കുന്നതില്‍ തൊഴിലാളികളും പ്രദേശവാസികളും ആശങ്കയിലാണ്.

പാലക്കാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick