ഹോം » പ്രാദേശികം » പാലക്കാട് » 

പാലക്കാട്ട് സിപിഎം-കോണ്‍. രഹസ്യധാരണ

October 20, 2015

പാലക്കാട്: ജാതി,മത,രാഷ്ട്രീയത്തിനതീതമായി വികസനമാണ് ബിജെപി മുന്നോട്ടുവെക്കുന്ന അജണ്ടയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ പറഞ്ഞു. പാലക്കാട് പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച 2015 മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒത്തു തീര്‍പ്പു രാഷ്ട്രീയത്തിന് ബദലായി മൂന്നാം മുന്നണി വരുമെന്നും ജനങ്ങള്‍ ബിജെപിയെ അംഗീകരിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ചെറുതും വലുതുമായ നിരവധി സംഘടനകള്‍ ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറായി. വികസനമുരടിപ്പാണ് പാലക്കാട് നേരിടുന്ന പ്രശ്‌നം.കഞ്ചിക്കോട് നിരവധി വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. കൃഷിഭൂമികള്‍ നികത്തുന്നു. കര്‍ഷകപദ്ധതികള്‍ നടപ്പിലാക്കാന്‍സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കുടിവെള്ള പ്രശ്‌നവും രൂക്ഷമായിരിക്കുകയാണ്. അട്ടപ്പാടിയില്‍ ശിശുമരണങ്ങളും, കുടിവെള്ള പ്രശനവും രൂക്ഷമായിട്ടും കോടിക്കണക്കിന് രൂപയാണ് ലാപ്‌സാക്കി കളഞ്ഞിരിക്കുന്നത്. ഇടതു-വലതു മുന്നണികള്‍ക്ക് ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.
പാലക്കാടിന്റെ സമഗ്രപുരോഗതിക്ക് ബിജെപി അധികാരത്തില്‍ വരണമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി 50 ശതമാനം വാര്‍ഡുകളില്‍ മാത്രമാണ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ 88.5 ശതമാനം വാര്‍ഡുകളില്‍ മത്സരിക്കുന്നുണ്ട്. ആകെയുള്ള 1732 വാര്‍ഡുകളില്‍ 1516 വാര്‍ഡുകളില്‍ ബിജെപി മത്സരിക്കുന്നു. ബിജെപിക്കു സ്വാധീനമില്ലാത്തിടത്ത് മറ്റു സംഘടനകള്‍ ബിജെപിക്കു വേണ്ടി മത്സരിക്കുന്നുണ്ട്.
പാലക്കാട് നഗരസഭക്ക് പുറമേ വാണിയംകുളം, ലക്കിടിപേരൂര്‍, പുതൂര്‍, ഷോളയൂര്‍, പുതുനഗരം തുടങ്ങിയ പഞ്ചായത്തുകളില്‍ ബിജെപി അധികാരത്തില്‍ വരും. ഒറ്റപ്പാലം , ഷൊര്‍ണ്ണൂര്‍ നഗരസഭകളിലും, പറളി പഞ്ചായത്തിലും പ്രധാനപ്രതിപക്ഷമാവുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വിജയസാധ്യതയുള്ള ഭാഗങ്ങളില്‍ സിപിഎമ്മും കോണ്‍ഗ്രസും രഹസ്യധാരണയിലെത്തിയിരിക്കുകയാണ്.
പാലക്കാട് നഗരസഭയില്‍ സിപിഎം അപ്രസക്തമാണെന്നും, കോണ്‍ഗ്രസുമായാണ് ബിജെപിയുടെ മത്സരമെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. നഗരവികസനത്തിനായി 101 കര്‍മ്മപദ്ധതികളാണ് ബിജെപി മുന്നോട്ട് വച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പാലക്കാടിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഐഐടിയും റെയില്‍വേയും അതിന് ഉദാഹരണങ്ങളാണ്. ഇതും ബിജെപിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയകൃഷ്ണന്‍ നരിക്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിആര്‍ ദിനേശ് സ്വാഗതം പറഞ്ഞു.

പാലക്കാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick