ഹോം » സംസ്കൃതി » 

രാവണന്റെ വിവേകം

രാമപാദങ്ങളില്‍ - 182

ravanaവിസ്ത്രസ്തനീവിയായ് കുഞ്ചുക ഹീനയായ്
വിത്രസ്തയായ് വിലാപം തുടങ്ങിനാള്‍
വാനരന്മാരുടെ തല്ലുകൊണ്ടീടുവാന്‍
ഞാനെന്തു ദുഷ്‌കൃതം ചെയ്തിതു ദൈവമേ
നാണം നിനക്കില്ലയോ രാക്ഷസേശ്വര?
മാനം ഭവാനോളമില്ല മറ്റാര്‍ക്കുമേ
നിന്നുടെ മുമ്പിലിട്ടാശു കപിവര-
രെന്നെത്തലമുടി ചുറ്റിപ്പിടിപെട്ടു
പാരിലിയ്ക്കുന്നതും കണ്ടിരിപ്പതു
പോരേ പരിഭവമോര്‍ക്കില്‍ ജളമതേ

ഞാനെന്ത് പാപം ചെയ്തിട്ടാണ് ഈ വാനരന്മാരുടെ തല്ലുകൊള്ളേണ്ടിവന്നത്. നീ വളരെ അഭിമാനിയാണല്ലോ. പക്ഷെ നിന്റെ മുന്നിലിട്ട് എന്റെ തലമുടിക്ക് ചുറ്റിപ്പിടിച്ച് നിലത്തിട്ടിഴക്കുന്നത് കണ്ടിട്ട് മന്ദബുദ്ധിയായ നിനക്ക് ഇപ്പോള്‍ നാണം തോന്നുന്നില്ലേ..? എന്തിനുവേണ്ടിയാണ് നീ ഈ ധ്യാനവും ഹോമവും നടത്തുന്നത്. ജീവിച്ചിരിക്കാനുള്ള ശക്തമായ അതിമോഹം മൂലമാണ് നിന്റെ അര്‍ദ്ധാംഗിയായ എന്നെ വാനരന്മാര്‍ പീഡിപ്പിക്കുന്നതു കണ്ടിട്ടും നീ അനങ്ങാതിരിക്കുന്നത്.
മണ്ഡോദരിയുടെ ദീനവിലാപം ഉയര്‍ന്നപ്പോള്‍ രാവണന് ധ്യാനത്തില്‍ മുഴുകിയിരിക്കാന്‍ സാധ്യമല്ലാതായി. അദ്ദേഹം എഴുന്നേറ്റ് വാളുമായി അംഗദനു നേരെ അടുക്കുന്നതു കണ്ടപ്പോള്‍ വാനരന്മാര്‍ രാവണപത്‌നിയെ വിട്ടയച്ചു. അവര്‍ ആര്‍ത്തുവിളിച്ച് എല്ലാവരും പുറത്തേക്കോടി. നേരെ രാമസമീപം ചെന്ന് ഹോമം മുടക്കിയ കാര്യം അവര്‍ ഉണര്‍ത്തിച്ചു. ആപത്തും മരണവും മുന്നിലെത്തിയപ്പോള്‍ രാവണന്റെ വിവേകമുണര്‍ന്നു. മണ്ഡോദരി വിലപിച്ചു പറഞ്ഞ വാക്കുകള്‍ക്കനുസരണമായി പണ്ഡിതനായ രാവണന്‍ മണ്ഡോദരിയോട് പറഞ്ഞു.

നാഥേ ധരിക്ക ദൈവാധീനമൊക്കയും
ജാതനായാല്‍ മരിക്കുന്നതിന്‍ മുന്നമേ
കല്പിച്ചതെല്ലാമനുഭവിച്ചീടണം
ഇപ്പോളനുഭവമിത്തരം മാമകം

ലോകജീവിതത്തില്‍ സര്‍വ്വവും ദൈവത്തിനധീനമാണ്. ജനിച്ചാല്‍ മരിക്കുന്നതിനു മുമ്പ് ദൈവം എന്താണോ കല്പിച്ചിരിക്കുന്നത് അതനുഭവിക്കുകയേ വഴിയുള്ളു. അതിലൊന്നാണ് എനിക്ക് ഇപ്പോഴുണ്ടായിരിക്കുന്ന അനുഭവം. അതുകൊണ്ട് ജ്ഞാനത്തെ സ്വീകരിച്ച് ശോകം കൈവെടിയുക. ദുഃഖം എപ്പോഴും ജ്ഞാനത്തെ നശിപ്പിക്കുന്നു. അജ്ഞാനം മൂലമാണ് ദുഃഖവും അഹങ്കാരവും ഉണ്ടാകുന്നത്.

Related News from Archive
Editor's Pick