ഹോം » സംസ്കൃതി » 

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

MOOKAMBIKA772 മോഹദാത്രീഃ- മോഹം തരുന്നവള്‍. ഏതിന്റെയെങ്കിലും നേര്‍ക്കുണ്ടാകുന്ന അഭ്യാകര്‍ഷണവും അതു സ്വന്തമാക്കാനുള്ള വ്യഗ്രതയുമാണ് മോഹം. ബോധം നഷ്ടപ്പെടുന്നതിന് മോഹം എന്നുപറയാം. കാര്യാകാര്യവിവേചനം നഷ്ടപ്പെടുന്ന മാനസികാവസ്ഥയും മോഹമാണ്. പല കാരണങ്ങള്‍കൊണ്ടു പല രീതിയില്‍ ഉണ്ടാകുന്ന മോഹം പ്രപഞ്ച പ്രവര്‍ത്തനത്തിന് പ്രേരകമാണ്. ഒഴിവാക്കാവുന്ന മോഹങ്ങളെ അത്യാവശ്യങ്ങളായി കരുതാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് പ്രപഞ്ചത്തെ പ്രവര്‍ത്തിപ്പിക്കുന്ന മൂകാംബികാദേവിയുടെ ലീലയാണ്.

773 മദോത്കടാഃ- മദം കൊണ്ടു വര്‍ദ്ധിച്ചവള്‍. വര്‍ദ്ധിച്ച മദമുള്ളവള്‍. മദം എന്ന പദത്തിന് സൗന്ദര്യം, ധനം, അധികാരം തുടങ്ങിയവകൊണ്ടുണ്ടാകുന്ന ഗര്‍വം എന്നു മുഖ്യമായ അര്‍ത്ഥം. മദ്യം കൊണ്ടും മറ്റും മനസ്സിന്റെ സമനില നഷ്ടമായ അവസ്ഥയെയും മദം എന്നുപറയും. പ്രിയന്റെ അനുരാഗംമൂലം സ്ത്രീക്കുണ്ടാകുന്ന ദംഭത്തോടടുത്ത ഭാവത്തെയും മദം എന്നുപറയാം. ദേവിയുടെ പക്ഷത്തില്‍ മദത്തിന് ഭാസ്‌കരാചാര്യന്‍ നല്‍കുന്ന വ്യാഖ്യാനം ”വിഷയാന്തരസംപര്‍കശൂന്യ ആനന്ദൈക വിഷയകോവൃത്തി വിശേഷോ മദഃ” എന്നാണ് (മറ്റുവിഷയങ്ങളുമായി ബന്ധമില്ലാത്തതും ആനന്ദംമാത്രം വിഷയമായതും ആയ വൃത്തി വിശേഷമാണ് മദം). ഇതു നമുക്കു സ്വീകരിക്കാം.

മദം എന്ന പദത്തിനു പറഞ്ഞ ഏതര്‍ത്ഥമെടുത്താലും അതിന്റെ ഏറ്റവും തീവ്രമായ ഭാവമാണ് മൂകാംബികാദേവി. ത്രിപുരസുന്ദരിയും എല്ലാ ലോകങ്ങളുടെയും നാഥയുമാണ് ദേവി. ചിദാനന്ദമാകുന്ന മദ്യംകൊണ്ടു മദിച്ചവളാണ്. ദേവകാര്യത്തിനായി അവതരിക്കുമ്പോള്‍ യുദ്ധഭൂമിയില്‍ ദേവി മദ്യപാനം ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ട്. ദേവീമാഹാത്മ്യം മൂന്നാം അധ്യായത്തില്‍ മഹിഷാസുരനെ വധിക്കാനൊരുങ്ങുന്ന ദേവിയെ മാര്‍ക്കണ്ഡേയന്‍ അവതരിപ്പിക്കുന്നത്.
”തതഃ ക്രുദ്ധാ ജഗന്മാതാ ചണ്ഡികാ പാനമുത്തമം
പപൗ പുനഃ പുനശ്ചൈവ ജഹാസാരുണലോചനാ”

(ദേവീമാഹാത്മ്യം 3.33) എന്നാണ്. യുദ്ധഭൂമിയില്‍ യോദ്ധാക്കള ചെയ്യുന്ന മദ്യപാനത്തെ ‘വീരപാനം’ എന്നുപറയും. വീരപാനം കൊണ്ടു മദോത്ക്കടയായ ദേവി ക്ഷിപ്ര പ്രസാദിനിയായിരിക്കും എന്നു സങ്കല്‍പം. പ്രിയനായ സദാശിവനില്‍നിന്ന് ഒരിക്കലും പിരിയാത്ത ദേവി സദാ മഭോത്ക്കടയാണ്.
(തുടരും)

Related News from Archive
Editor's Pick