ഹോം » സംസ്കൃതി » 

രായിരനെല്ലൂര്‍ ഭഗവതിസ്തവം

ദുര്‍ഗ്ഗയാള്‍ വന്നുചേരട്ടേ
ദുര്‍ന്നടപ്പു മുടക്കുവാന്‍
ഗുരുരൂപത്തിലെന്‍മുന്നില്‍
രായല്ലൂരദ്രിവാസിനി

ഗാംഭീര്യം രൂപമാര്‍ന്നുള്ള
ഗണേശവടിവില്‍ സദാ
വിഘ്‌നമെല്ലാമുടയ്ക്കട്ടേ
രായല്ലൂരദ്രിവാസിനി

ദേദീപ്യതയുറഞ്ഞുള്ള
പഞ്ചാസ്യാസനമംബികേ
കല്‍പ്പിപ്പു മനസാ ഭക്ത്യാ
രായല്ലൂരദ്രിവാസിനി

വീമ്പുള്ളോപമാനങ്ങള്‍
കൊമ്പുകുത്തുന്ന രൂപമായ്
ദര്‍ശനം നല്‍കണേയമ്മേ
രായല്ലൂരദ്രിവാസിനി

ശരണം കല്‍പ്പിച്ചു നല്‍കീടും
തൃപ്പാദകമലങ്ങളില്‍
അര്‍ഘ്യാദികള്‍ സമര്‍പ്പിപ്പൂ
രായല്ലൂരദ്രിവാസിനി

രവിയേക്കാള്‍ ശോഭയേറും
പാത്രത്തില്‍ പരമാന്നവും
ഭക്തി ചേര്‍ത്തു നിവേദിപ്പൂ
രായല്ലൂരദ്രിവാസിനി

ണങ്കാരം കാമവില്ലീന്നു
വന്നു രുദ്രനു നല്‍കിയാ
ആനന്ദത്തിന്‍ പദം വന്ദേ
രായല്ലൂരദ്രിവാസിനി

മഹാരാജോപഭോഗങ്ങള്‍
ഉള്ളുതള്ളുന്ന ഭക്തിയാല്‍
താണുവീണു സമര്‍പ്പിപ്പൂ
രായല്ലൂരദ്രിവാസിനി

ഹംസം പാര്‍ക്കും മാനസത്തില്‍
വിടരും പൂക്കളാലിതാ
കാല്‍ക്കലര്‍ച്ചന ചെയ്യുന്നേന്‍
രായല്ലൂരദ്രിവാസിനി

പ്രമോദത്തോടേറ്റുകൊള്ളേണ
മെന്തെല്ലാം കുറവാകിലും
മനസ്സാല്‍ ചെയ്‌തൊരീ പൂജ
രായല്ലൂരദ്രിവാസിനി

പാദത്തില്‍ വീണുവീണെന്നും
നമിപ്പാനാഗ്രഹം വരാന്‍
നന്നായനുഗ്രഹിയ്‌കേണേ
രായല്ലൂരദ്രിവാസിനി

ദ്യേക്ഷരം നിഷ്ഠയായീടും
ദ്വാദശാക്ഷരി തന്‍ഫലം
ഇതുചൊല്‍വോര്‍ക്കു നല്‍കേണേ
രായല്ലൂരദ്രിവാസിനി

Related News from Archive
Editor's Pick