ഹോം » സംസ്കൃതി » 

മഹാത്മാക്കളുടെ ജീവിതംതന്നെ സന്ദേശം

അമ്മയെ അറിഞ്ഞ്; അമ്മയിലൂടെ അറിവ്

matha-marutaമതസൗഹാര്‍ദത്തിനും ഐക്യതയ്ക്കും സനാതനധര്‍മ മൂല്യങ്ങളെ ലോകം മുഴുവന്‍ ഉയര്‍ത്തിക്കാട്ടുന്നതിനും സ്വാമി വിവേകാനന്ദന്റെ പേരില്‍ ന്യൂഡല്‍ഹിയില്‍ വിവേകാനന്ദ അന്തര്‍ദേശീയ സെന്റര്‍ നിര്‍മിച്ചിട്ടുണ്ട്. അതിന്റെ ഉദ്ഘാടനത്തിനു സംഘാടകര്‍ അമ്മയെയാണ് ക്ഷണിച്ചത്.

‘വിവേകാനന്ദ സ്വാമികള്‍’ എന്ന പേരിനുതന്നെ ഒരു ശക്തിയും ആകര്‍ഷണവുമുണ്ട്. അതു കേള്‍ക്കുമ്പോള്‍ത്തന്നെ ഒരുണര്‍വും ഊര്‍ജസ്വലതയും കൈവരും. കാരണം, അദ്ദേഹം തേജസ്വിയായിരുന്നു. ഗുരുഭക്തിയുടെ ഉത്തമോദാഹരണമായിരുന്നു അദ്ദേഹം. തികഞ്ഞ ജ്ഞാനിയും ഉത്കൃഷ്ടനായ കര്‍മയോഗിയും ഉജ്ജ്വലനായ വാഗ്മിയുമായിരുന്നു. ശ്രീരാമകൃഷ്ണദേവന്റെ ആത്മീയശക്തിയില്‍ വിടര്‍ന്ന്, വിശ്വം മുഴുവന്‍ നറുമണം പരത്തിയ ദിവ്യ കുസുമമായിരുന്നു വിവേകാനന്ദ സ്വാമികള്‍.

ആത്മീയത എന്നാല്‍ വനാന്തരത്തിലോ ഗുഹയിലോ കണ്ണുമടച്ച് ഏകാന്തമായിരുന്നു തപസ്സു ചെയ്യുന്നതു മാത്രമായിരുന്നില്ല, അദ്ദേഹത്തിന്. ഇവിടെ ഈ ലോകത്തില്‍, എല്ലാതരത്തിലുമുള്ള മനുഷ്യരോടൊപ്പം ജീവിച്ച്, എല്ലാ സാഹചര്യങ്ങളെയും ജീവിതവെല്ലുവിളികളെയും ധീരതയോടും സമചിത്തതയോടും നേരിട്ട് പ്രാവര്‍ത്തികമാക്കേണ്ട ജീവിതചര്യയായിരുന്നു. ‘ആത്മീയത’ ജീവിതത്തിന്റെ അടിസ്ഥാനവും ശക്തിയുടെയും ബുദ്ധിയുടെയും ഉറവിടവുമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു.

വിവേകാനന്ദ സ്വാമികളുടെ ‘ആത്മീയത’ സഹജീവികളോടുള്ള കാരുണ്യത്തിലധിഷ്ഠിതമായിരുന്നു. പട്ടിണി കിടക്കുന്നവന്റെ വിശപ്പ് ശമിപ്പിക്കാത്ത, വിധവയുടെ കണ്ണീരൊപ്പാത്ത, ഒരു മതത്തിലും ഒരു ഈശ്വരനിലും തനിക്കു വിശ്വാസമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ലോകസേവനവും ജീവകാരുണ്യപ്രവര്‍ത്തനവും സന്ന്യാസത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങളാകണമെന്ന് അദ്ദേഹം പഠിപ്പിച്ചു. അങ്ങനെ ഭാരതീയ സന്ന്യാസത്തിന് അദ്ദേഹം പുതിയ മാനം നല്‍കി.

മഹാത്മാക്കളുടെ ജീവിതംതന്നെയാണ് അവരുടെ സന്ദേശം. അതുതന്നെയാവണം സമൂഹത്തിന് ഉള്‍ക്കൊള്ളാനുള്ള ഏറ്റവും ഉത്തമ മാതൃകയും.

Related News from Archive
Editor's Pick