ഹോം » പ്രാദേശികം » പത്തനംതിട്ട » 

വോട്ടിംഗ് മെഷീന്‍ സ്ഥാനാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി സ്വീപ്പ് രണ്ടാംഘട്ട പ്രചരണം തുടങ്ങി

October 20, 2015

പത്തനംതിട്ട: വോട്ടിംഗ് മെഷീന്‍ സ്ഥാനാര്‍ഥികള്‍ക്കും വോട്ടര്‍മാര്‍ക്കും പരിചയപ്പെടുത്തുന്ന സ്വീപ്പ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം ഇലന്തൂരില്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ നിര്‍വഹിച്ചു. ഇ-വോട്ടിംഗുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിലൂടെ വോട്ടിംഗ് സുഗമമാക്കുവാനും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്താനും കഴിയുമെന്ന് കളക്ടര്‍ പറഞ്ഞു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൂര്‍ണമായും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ നടത്തുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പ്രചരണ പരിപാടികളാണ് ഇലക്ഷന്‍ വിഭാഗത്തിന്റെയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും നേതൃത്വത്തില്‍ നടന്നുവരുന്നത്.
വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തലില്‍ ഇ-വോട്ടിംഗ് മെഷീനിലൂടെ എങ്ങനെ വോട്ട് ചെയ്യാമെന്ന് സ്ഥാനാര്‍ഥികള്‍ക്കും വോട്ടര്‍മാര്‍ക്കും വ്യക്തമാക്കി. വോട്ട് ചെയ്യാനാഗ്രഹിക്കുന്നത് ഏത് സ്ഥാനാര്‍ഥിക്കാണോ ആ സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തിയാല്‍ ബീപ് ശബ്ദം കേള്‍ക്കാം. അതോടൊപ്പം ചിഹ്നത്തോടൊപ്പം ചുവന്ന ലൈറ്റും പ്രകാശിക്കും. ഇപ്രകാരം ശബ്ദം കേള്‍ക്കുകയും ലൈറ്റ് പ്രകാശിക്കുകയും ചെയ്യുമ്പോള്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ആദ്യ ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്തിയ അതേ രീതിയില്‍ തന്നെ മറ്റ് രണ്ട് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റുകളിലും വോട്ട് രേഖപ്പെടുത്താം. ഗ്രാമ തലത്തിലുള്ള ബാലറ്റ് യൂണിറ്റില്‍ വെള്ളനിറത്തിലും ബ്ലോക്ക് തലത്തില്‍ പിങ്ക് നിറത്തിലും ജില്ലാ തലത്തില്‍ ഇളം നീലനിറത്തിലുമാണ് ലേബലുകള്‍ പതിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ വി.സനല്‍കുമാര്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തല്‍ ചടങ്ങില്‍ സംബന്ധിച്ചു. സ്ഥാനാര്‍ഥികളും വോട്ടര്‍മാരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.സുന്ദരന്‍ ആചാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കിരണ്‍ റാം, സ്വീപ്പ് പ്രചരണ പദ്ധതി ചാര്‍ജ് ഓഫീസര്‍ എം.ടി ജയിംസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡി.ഷിന്‍സ്, ജോയിന്റ് ബി.ഡി.ഒ ബി.ജയകുമാര്‍, അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തല്‍ ചടങ്ങുകള്‍ നടന്നു. ബ്ലോക്ക്തല വരണാധികാരികള്‍, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick