ഹോം » പ്രാദേശികം » പത്തനംതിട്ട » 

സഹകരണ മേഖല ശക്തമാണെങ്കില്‍ കുബേര ഒഴിവാക്കാനാകും: ഡിജിപി

October 20, 2015

പത്തനംതിട്ട: വേഗത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് സഹകരണ മേഖല ശക്തമാണെങ്കില്‍ കുബേര ഒഴിവാക്കാനാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍.
പത്തനംതിട്ട ജില്ലാ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എംപ്ലോയീസ് സഹകരണ സംഘം ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെറുകിടക്കാര്‍ക്ക് വായ്പ നല്‍കുകയും ഇതു കൃത്യമായി തിരിച്ചടവ് ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്. ആവശ്യത്തിനും അനാവശ്യത്തിനും വായ്പയെടുക്കുന്നവര്‍ തിരിച്ചടവില്‍ വീഴ്ച വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ വീഴ്ചയുണ്ടായാല്‍ ജാമ്യം നില്‍ക്കുന്നവരെ കൂടി ബാധിക്കുന്ന സ്ഥിതിയുണ്ടാകും. ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമ്പോള്‍ കൃത്യമായ തുക മാത്രം രേഖപ്പെടുത്തുകയും അതിനനുസൃതമായി മാത്രം വായ്പയെടുക്കാന്‍ സൗകര്യവും ചെയ്താല്‍ തിരിച്ചടവില്‍ ഒരു പരിധിവരെ വീഴ്ചയുണ്ടാകില്ല. കൃത്യമായ കണക്കെഴുത്തും പരിശോധനയും പോലീസ് സംഘങ്ങള്‍ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സംഘം പ്രസിഡന്റ് എ. രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം അവാര്‍ഡുകളുടെ വിതരണം നിര്‍വഹിച്ചു. ശ്രീലങ്കയില്‍ നടന്ന വെറ്ററന്‍സ് അന്തര്‍ദേശീയ കായികമത്സരങ്ങളില്‍ വിജയിച്ച് സേനാംഗങ്ങള്‍ക്കും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുമാണ് അവാര്‍ഡുകള്‍ നല്‍കിയത്. ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് തോപ്പില്‍ ഗോപകുമാര്‍, പോലീസ് ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് പി.കെ. അനില്‍ കുമാര്‍, ഡിവൈഎസ്പി സന്തോഷ് കുമാര്‍, സഹകരണസംഘം ജോയിന്റ് ഡയറക്ടര്‍ ബി.രമേശ് കുമാര്‍, എആര്‍ ആര്‍.ഹരികുമാര്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.അശോകന്‍, പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജി.സണ്ണിക്കുട്ടി, എം.ബി. വിശ്വനാഥന്‍, ബി.ഹരിദാസ്, കെ.രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാങ്ക് ഭരണസമിതിയംഗം ഇ. നിസാമുദ്ദീന്‍ സ്വാഗതവും ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick