ഹോം » പ്രാദേശികം » കണ്ണൂര്‍ » 

പാനൂര്‍ നഗരസഭ; പ്രചരണത്തില്‍ ബിജെപി മുന്നില്‍ ഗ്രൂപ്പ് പോരില്‍ വീര്‍പ്പ് മുട്ടി യുഡിഎഫ്

October 20, 2015

പാനൂര്‍: പാനൂര്‍ നഗരസഭയില്‍ ശക്തമായ പ്രവര്‍ത്തനവുമായി ബിജെപി മുന്നേറുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തന്നെ പ്രചരണത്തിനിറക്കിയിട്ടും ഗ്രൂപ്പ്‌പോരില്‍ വിയര്‍ക്കുകയാണ് യുഡിഎഫ്. നഗരസഭയിലെ കന്നിയങ്കത്തിന് കരുത്തോടെ കളത്തിലിറങ്ങിയ ബിജെപി സാരഥികള്‍ കുടുംബയോഗങ്ങളും വീടുകയറി വോട്ടര്‍മാരെ നേരില്‍ കണ്ടും ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പ് ഗോദയില്‍ സജീവമായി. ഇത് ഇരുമുന്നണികളിലും ആശങ്ക സൃഷ്ടിച്ചിട്ടുമുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തട്ടിപൊട്ടിയ മുന്നണി പ്രശ്‌നം യുഡിഎഫിന് ഇപ്പോഴും പരിഹരിക്കാനായിട്ടില്ല. 4-ാം വാര്‍ഡിലെ യുഡിഎഫ് വിമതസ്ഥാനാര്‍ത്ഥി വി.ഹാരിസിനെ മുസ്ലീംലീഗ് പുറത്താക്കിയിരിക്കുകയാണ്. ഇവിടെ കോണ്‍ഗ്രസിലെ ടി.ടി.രാജനാണ് ഔദോഗിക സ്ഥാനാര്‍ത്ഥി. പാനൂരിലെ പ്രമുഖ മുസ്ലീംലീഗ് നേതാക്കള്‍ വി.ഹാരിസിന് പിന്തുണ നല്‍കുന്നതും ശ്രദ്ധേയമാണ്. മുസ്ലീംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി വി.ഹാരിസിനെതിരെ കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് പൊതുയോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ടൗണില്‍ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ ഉയര്‍ത്തിയിട്ടുമുണ്ട്. 5-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതന്‍ പി.വി.നാണു കോണ്‍ഗ്രസ് ബ്ലോക്ക് നേതാവ് മഠപ്പുര ചന്ദ്രനെതിരെ മത്സരത്തിനുണ്ട്. മറ്റ് വിമതര്‍ സ്ഥാനാര്‍ത്ഥിത്വം അവസാനഘട്ടത്തില്‍ പിന്‍വലിച്ചെങ്കിലും പ്രശ്‌നങ്ങള്‍ നീറുന്നുണ്ട്.
ഇത്തരം വാര്‍ഡുകളില്‍ നിര്‍ണ്ണായക ശക്തിയായ ബിജെപി ശക്തമായ മുന്നേറ്റത്തിന് ഇറങ്ങി നേട്ടം കൊയ്യാനാണ് നീക്കം. ഇതിനിടെ മതമൗലികവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യത്തിലേര്‍പ്പെട്ട സിപിഎമ്മിനെതിരെ വന്‍പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. എസ്ഡിപിഐ പിന്തുണയും സിപിഎം തേടിയിട്ടുണ്ട്. 21,23 വാര്‍ഡായ താവുമ്പ്രം, പുതുശേരി എന്നിവിടങ്ങളിലാണ് ജമാഅത്തെ ഇസ്ലാമി സ്ഥാനാര്‍ത്ഥികള്‍ക്ക് സിപിഎം പിന്തുണ നല്‍കിയിട്ടുളളത്. ഇവിടെ സിപിഎമ്മിന് സ്ഥാനാര്‍ത്ഥികള്‍ ഇല്ല. സാമുദായിക സംഘടനകളുടെ തിണ്ണനിരങ്ങില്ലെന്നു പറയുകയും, മതവര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടിനില്ലെന്നും പറഞ്ഞ സിപിഎം നേതാക്കളുടെ നിലപാടിനെതിരെയുളള നീക്കുപോക്കാണ് നഗരസഭയിലുളളത്. തോല്‍വി മുന്‍കൂട്ടി കണ്ട് നുണപ്രചരണവം സിപിഎം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കുറ്റമറ്റ രീതിയില്‍ ജനങ്ങളില്‍ ഇറങ്ങി ചെന്ന് വികസനമുദ്രാവാക്യവുമായി ബിജെപി സജീവമാകുകയാണ്. 40 വാര്‍ഡുകളില്‍ 22 വനിതാസ്ഥാനാര്‍ത്ഥികളെ ബിജെപി മത്സരിപ്പിക്കുന്നുമുണ്ട്. വിജയപ്രതീക്ഷയില്‍ പൊന്‍താമര വിരിയിക്കാന്‍ ശക്തമായ പ്രചരണപ്രവര്‍ത്തനവുമായി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിനെ സ്വീകരിച്ചു കഴിഞ്ഞു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick