ഹോം » ഭാരതം » 

പ്രദീപ്‌ കുമാര്‍ പുതിയ കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണറാകും

July 2, 2011

ന്യൂദല്‍ഹി: കേന്ദ്ര പ്രതിരോധ സെക്രട്ടറി പ്രദീപ്‌ കുമാര്‍ പുതിയ മുഖ്യ വിജിലന്‍സ്‌ കമ്മീഷണറാകും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാകും. പുതിയ വിജിലന്‍സ്‌ കമ്മീഷണറെ തീരുമാനിക്കാന്‍ ഇന്ന്‌ രാവിലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, ആഭ്യന്തര മന്ത്രി പി.ചിദംബരം, ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജ്‌ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു.

ഹരിയാന കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രദീപ്‌കുമാര്‍ സംശുദ്ധമായ ഔദ്യോഗിക ജീവിതമാണ് നയിക്കുന്നത്. ഇതാണ് അദ്ദേഹത്തെ കമ്മിഷണറാക്കാന്‍ തീരുമാനിച്ചത്. പുതിയ വിജിലന്‍സ് കമ്മിഷണറെ ഏകകണ്ഠമായി തെരഞ്ഞെടുത്തുവെന്നും പ്രഖ്യാപനം സര്‍ക്കാരാണ് നടത്തേണ്ടതെന്നും യോഗ ശേഷം പുറത്തുവന്ന പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പറഞ്ഞു.

പാമോയില്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന്‌ മുഖ്യവിജിലന്‍സ്‌ കമ്മീഷണറായ പി.ജെ.തോമസിനെ സുപ്രീംകോടതി അയോഗ്യനാക്കിയിരുന്നു. തുടര്‍ന്നാണ്‌ പുതിയ വിജിലന്‍സ്‌ കമ്മീഷണറെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ ഇന്ന്‌ യോഗം ചേര്‍ന്നത്‌.

വിരമിച്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയുടെ പേരും സി.വി.സി സ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick