കൊച്ചി: ഊബറും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ചേര്‍ന്ന് കേരള ബ്ലൈന്‍ഡ് ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്കായി മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടി സംഘടിപ്പിച്ചു. സൊസൈറ്റി ഫോര്‍ റീഹാബിലിറ്റേഷന്‍ ഓഫ് വിഷ്വലി ചലഞ്ച്ഡിന്റെ (എസ്ആര്‍വിസി) സഹകരണത്തോടെയായിരുന്നു പരിപാടി. അന്ധര്‍ക്കായുള്ള ഫുട്ബോള്‍ പ്രചരിപ്പിക്കുന്നതിനും കഴിവുറ്റവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കുന്നതിനുമായിരുന്നു കൂടിക്കാഴ്ച.
ബ്ലാസ്റ്റേഴ്സ് താരങ്ങളായ മുഹമ്മദ് റാഫി, ജോസു കുരായിസ്, ബ്രൂണോ പെറോണ്‍, സി.കെ. വിനീത്, മെഹ്താബ് ഹുസൈന് എന്നിവര്‍ പങ്കെടുത്തു. അന്ധര്‍ക്കായുള്ള ഫുട്ബോളുകള്‍ ഉപയോഗിച്ച് കണ്ണുകള്‍ മൂടിക്കെട്ടി കേരള ബ്ലാസ്റ്റേഴ്സ് അംഗങ്ങള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പങ്കുചേര്‍ന്നു.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ എസ്.ആര്.വി.സി. 2013-ലാണ് അന്ധര്‍ക്കായി ഫുട്ബോള്‍ ടീം രൂപീകരിച്ചത്. ന്യൂദല്‍ഹിയില്‍ നടത്തിയ ദേശീയ ടൂര്‍ണമെന്റില്‍ 2013-ലും 2015-ലും ടീം റണ്ണറപ്പായി. എസ്.ആര്.വി.സി. സംസ്ഥാന അന്ധ ഫുട്ബോള്‍ ടീം അംഗങ്ങളായ മൂന്നു കളിക്കാര്‍ ദേശീയതലത്തില്‍ കളിച്ചിരുന്നു.
കാഴ്ചവൈകല്യമുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും അവരെ പ്രോത്സാഹിപ്പിക്കാനുമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് എസ്.ആര്.വി.സി. സെക്രട്ടറിയും കേരള അന്ധ ഫുട്ബോള്‍ ടീമിന്റെ കോച്ചുമായ സുനില്‍ ജെ. മാത്യു. ഇവര്‍ക്ക് കൂടുതല്‍ അംഗീകാരവും കൂടുതല്‍ സ്വീകാര്യതയും പൊതുസമൂഹത്തില്‍ ഇടപെടാനുള്ള അവസരവും ലഭിക്കാന്‍ ഇത്തരം പരിപാടികള്‍ വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഊബര്‍ യാത്രക്കാരായ പതിനഞ്ച് പ്രത്യേക ക്ഷണിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: