കുന്നത്തൂര്‍: ശാസ്താംകോട്ട ടൗണ്‍ മാര്‍ക്കറ്റിലെ മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ടൗണ്‍ മാലിന്യ കൂമ്പാരമായി മാറി.
മാര്‍ക്കറ്റിലേയും ആശുപത്രിയിലേയും ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലേയും മാലിന്യങ്ങള്‍ മഴവെള്ളത്തോടൊപ്പം ശാസ്താംകോട്ട തടാകത്തിലേക്ക് പതിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ്.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാര്‍ക്കറ്റില്‍ 2004ല്‍ ഏഴു ലക്ഷത്തില്‍പ്പരം രൂപ ചെലവഴിച്ച് ബയോടെക് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ മാലിന്യസംസ്ക്കരണ പ്ലാന്റും അതില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായി ജനറേറ്റര്‍ റൂമും സ്ഥാപിച്ചു. നഗരത്തില്‍ വൈദ്യുതി വിളക്കുകളും സ്ഥാപിച്ചു. മാര്‍ക്കറ്റിലേയും താലൂക്കാശുപത്രിയിലെയും മാലിന്യങ്ങള്‍ തടാകത്തില്‍ എത്തിപ്പെടാതെ സംസ്കരിക്കുക എന്നുള്ളതായിരുന്നു മാലിന്യപ്ലാന്റ് സ്ഥാപിച്ചതിന്റെ പ്രധാന ലക്ഷ്യം. ആദ്യവര്‍ഷങ്ങളില്‍ പ്ലാന്റ് സുഗമമായി പ്രവര്‍ത്തിക്കുകയും അതില്‍ നിന്നുമുള്ള വൈദ്യുതി ഉപയോഗിച്ച് നഗരത്തിലെ ഇരുപതോളം ലൈറ്റുകള്‍ പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആവശ്യത്തിന് മാലിന്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് പറഞ്ഞ് പ്ലാന്റ് പ്രവര്‍ത്തനം ഭാഗികമാക്കുകയും കാലക്രമേണ നിര്‍ത്തുകയും ചെയ്തു. വാറന്റി കാലാവധി കഴിഞ്ഞതോടെ സ്ഥാപിച്ച കമ്പനിയും പ്ലാന്റിന്റെ കയ്യൊഴിഞ്ഞു. ഇപ്പോള്‍ പ്ലാന്റും അതിനോടു ചേര്‍ന്നുള്ള ജനറേറ്റര്‍ റൂമും കാട് കയറി ഇഴജന്തുക്കളുടെ താവളമായി മാറി. മാര്‍ക്കറ്റിലും ടൗണിലും മാലിന്യങ്ങള്‍ അടിഞ്ഞു കൂടി ദുര്‍ഗന്ധം വമിക്കുകയാണ്. ജനറേറ്റര്‍ റൂമിലെ മിക്ക വിലപിടിപ്പുള്ള സാധനങ്ങളും മോഷണം പോകുകയും ചെയ്തു. മാലിന്യങ്ങള്‍ ഓടകളില്‍ അടിഞ്ഞ് കൂടിയതിനാല്‍ ചെറിയ മഴയില്‍ പോലും ടൗണ്‍ വെള്ളക്കെട്ടാവുകയാണ്. ഈ മാലിന്യങ്ങള്‍ ഒഴികി ശുദ്ധജല തടാകത്തിലേക്കാണ് പതിക്കുന്നത്. തടാകത്തിലേക്ക് തുറന്നിരിക്കുന്ന ഓടകളില്‍ ഫില്‍ട്ടറുകള്‍ സ്ഥാപിക്കണമെന്ന് തീരുമാനം എടുത്തെങ്കിലും നടപ്പിലാക്കിയിട്ടില്ല. മാലിന്യങ്ങള്‍ കെട്ടി കിടക്കുന്നത് മൂലം ടൗണിലെ തെരുവുനായ ശല്യവും രൂക്ഷമാണ്. മാര്‍ക്കറ്റ് മാലിന്യം കൂമ്പാരമായതിനെത്തുടര്ന്ന് കച്ചവടം പുറത്തെ ക്ഷേത്രറോഡിലേക്കും വ്യാപിക്കുന്നത്. ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മാര്‍ക്കറ്റിലെ സംസ്കരണ പ്ലാന്റ് എത്രയുംവേഗം അറ്റകുറ്റപണി നടത്തി പ്രവര്‍ത്തനം സജ്ജമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പുതിയ ഭരണസമിതി ഇതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: