ഹോം » ലോകം » 

മലേഷ്യന്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ ഹാക്കര്‍മാരുടെ കടന്നുകയറ്റം

June 16, 2011

ക്വാലാലംപൂര്‍: മലേഷ്യന്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ മണിക്കൂറുകളോളം അവയുടെ പ്രവര്‍ത്തനം തടസപ്പെടുത്തി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അന്‍പത്‌ വെബ്സൈറ്റുകളില്‍ നാല്‍പത്തൊന്നെണ്ണത്തിലാണ്‌ കഴിഞ്ഞ ദിവസം ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്‌.
വെബ്സൈറ്റുകളില്‍ കടന്നുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സൈബര്‍ വിദഗ്ധന്മാരാണ്‌ ഹാക്കര്‍മാര്‍ എന്നറിയപ്പെടുന്നത്‌. ചില വെബ്സൈറ്റുകളില്‍ സെന്‍സറിംഗ്‌ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ്‌ വെബ്സൈറ്റുകള്‍ ഹാക്ക്‌ ചെയ്യുന്നതെന്ന്‌ ഹാക്കര്‍മാര്‍ വെളിപ്പെടുത്തിയതായി മലേഷ്യന്‍ കമ്മ്യൂണിക്കേഷന്‍സ്‌ ആന്‍ഡ്‌ മള്‍ട്ടിമീഡിയ കമ്മീഷന്‍ (എംസിഎംസി) അറിയിച്ചു. യൂ-ടൂബ്‌ പോലെയുള്ള വീഡിയോ ഷെയറിംഗ്‌ വെബ്സൈറ്റുകളില്‍ പകര്‍പ്പവകാശ ലംഘനം നിരന്തരമായതിനെത്തുടര്‍ന്ന്‌ ഇത്തരത്തിലുള്ള പത്ത്‌ വെബ്സൈറ്റുകള്‍ക്ക്‌ മലേഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു.
ഇതോടൊപ്പം സര്‍ക്കാര്‍ വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം ഏതാനും മണിക്കൂറുകള്‍ സ്തംഭിപ്പിക്കുവാന്‍ മാത്രമേ ഹാക്കര്‍മാര്‍ക്ക്‌ കഴിഞ്ഞിട്ടുള്ളൂവെന്നും സൈബര്‍ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുവാനുള്ള മുന്‍കരുതലുകളോടുകൂടി വെബ്സൈറ്റുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും എംസിഎംസി അധികൃതര്‍ പറഞ്ഞു. സൈബര്‍ വിദഗ്ധരുടെയും സുരക്ഷാ ഉപദേഷ്ടാക്കളുടെയും സഹായത്തോടുകൂടി രാജ്യത്തെ വെബ്സൈറ്റുകളെല്ലാം തന്നെ സുരക്ഷിതമാക്കാനുള്ള നടപടികളും മലേഷ്യ ആരംഭിച്ചിട്ടുണ്ട്‌. ഇതിനിടയില്‍ മലേഷ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഇനിയും കടന്നാക്രമണമുണ്ടാകുമെന്ന്‌ ഹാക്കര്‍മാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്‌.
മലേഷ്യയിലെ മാധ്യമങ്ങളെല്ലാംതന്നെ കടുത്ത നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമാണെങ്കിലും രാജ്യത്തെ ഇന്റര്‍നെറ്റ്‌ ഉപഭോഗത്തിന്‌ അടുത്തകാലംവരെ യാതൊരു വിധമായ നിയന്ത്രണങ്ങളുമുണ്ടായിരുന്നില്ല. എന്നാല്‍ അടുത്തിടെ വ്യാപകമായ പകര്‍പ്പാവകാശ ലംഘനങ്ങളോടുകൂടിയാണ്‌ സര്‍ക്കാര്‍ ഇന്റര്‍നെറ്റിന്‌ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്‌.
ഇതോടൊപ്പം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ വെബ്സൈറ്റിലും ഹാക്കര്‍മാര്‍ കടന്നാക്രമണം നടത്തി. എന്നാല്‍ തങ്ങളുടെ വെബ്സൈറ്റുകള്‍ക്ക്‌ നേരെ അതീവഗുരുതരമായ ആക്രമണമുണ്ടായിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും സിഐഎ വക്താവ്‌ മാരി ഹാര്‍ഫ്‌ വ്യക്തമാക്കി. അമേരിക്കന്‍ സെനറ്റ്‌ വെബ്സൈറ്റിലും രണ്ട്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഹാക്കര്‍മാര്‍ കടന്നുകയറിയിരുന്നു.

Related News from Archive
Editor's Pick