കണ്ണൂര്‍: കേരള ഖാദി ഗ്രാമവ്യവസായത്തിന്റെ പുതിയ ഉത്പന്നമായ റോയല്‍ ചോയ്സ് ചപ്പാത്തി വിപണയിലിറക്കിയതായി ഡയറക്ടര്‍ ഐ.ജവഹര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നൂറ് ശതമാനം പ്രകൃതിദത്തവും ശുദ്ധവുമായ ചക്കിഫ്രഷ് ആട്ടയില്‍ നിന്നുമാണ് ചപ്പാത്തി ഉത്പാദിപ്പിക്കുന്നത്. നിലവില്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ചപ്പാത്തിയില്‍ വേണ്ടത്ര ഫൈബര്‍ ഉണ്ടാവുകയില്ലെന്ന് മാത്രമല്ല ഗുണമേന്മ കുറവായിരിക്കും. റോയല്‍ ചോയ്സ് ചപ്പാത്തിയില്‍ ഫൈബറിന്റെ അംശം കൂടുതലായിരിക്കും. സെമികുക്ക് ചപ്പാത്തി കൊടുക്കുന്നതിനാല്‍ അത് വീട്ടില്‍ പോയി ചൂടാക്കി ഉപയോഗിക്കുമ്പോള്‍ വീട്ടില്‍ നിന്ന് തന്നെ ചപ്പാത്തി ഉണ്ടാക്കി പാചകം ചെയ്യുന്നതിന്റെ ഗുണവും മൃദ്യുത്വവും ലഭിക്കുമെന്നും അധികൃതര്‍ അവകാശപ്പെടുന്നു. ചോയ്സ് ചപ്പാത്തി പത്തെണ്ണം (400ഗ്രാം) പാക്കറ്റായിട്ടാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഒരു പാക്കറ്റിന് 45 രൂപയാണ് വില. കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ മുഴുവന്‍ ടൗണുകളിലും വാഹനങ്ങളില്‍ സജ്ജീകരിക്കുന്ന കൗണ്ടറില്‍ റോയല്‍ ചോയ്സിന്റെ കുക്ക് ചെയ്ത ചപ്പാത്തിയും ലഭിക്കും. നാല് ചപ്പാത്തിക്കും കറിയും അടങ്ങിയ കിറ്റിന് 30 രൂപയാണ് ഈടാക്കുന്നത്. കൂടാതെ കല്യാണം, സത്കാരം തുടങ്ങിയവയ്ക്കുള്ള ഓര്‍ഡറുകളും സ്വീകരിക്കും. ചപ്പാത്തിയുടെ ആദ്യ വില്പന പ്രസ്ക്ലബ്ബില്‍ വെച്ച് സംസ്ഥാന ഡയറക്ടര്‍ ഐ.ജവഹര്‍ കണ്ണൂര്‍ മേയര്‍ ഇ.പി.ലതക്ക് നല്കി നിര്‍വ്വഹിച്ചു. പത്രസമ്മേളനത്തില്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആര്.പ്രദീപ്, കെ.പി.രാജീവ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: