കോട്ടയം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി സ്വന്തം വില്ലേജിലെ 13 കുടുംബങ്ങള്‍ക്ക് വീടു വയ്ക്കാന്‍ 52 സെന്റ് സ്ഥലം വിട്ടുനല്‍കി മാതൃകയായി ഭരണങ്ങാനം സ്വദേശി ഷാജി ജോസഫ് ഇടമറുകും ഭാര്യ ആന്‍സമ്മയും. വിവരാവകാശ നിയമം വഴി സ്വന്തം വില്ലേജിലെ ഭൂരഹിതരെ കണ്ടെത്തിയാണ് ഭൂരഹിതരില്ലാത്ത ഭരണങ്ങാനം എന്ന സ്വപ്നത്തിലേയ്ക്ക് ഷാജി എത്തുന്നത്. ചൂണ്ടച്ചേരി സെന്റ് തോമസ് കോളേജിനു സമീപം വഴിസൗകര്യമുള്ള ഒന്നരക്കോടി രൂപ വിലയുള്ള സ്ഥലമാണ് സൗജന്യമായി വിട്ടു കൊടുക്കുന്നത്. വസ്തുവിന്റെ ആധാരം, കരമടച്ച രസീത്, സ്കെച്ച് എന്നിവയുടെ പകര്‍പ്പും സമ്മതപത്രവും ഷാജി ജില്ലാ കളക്ടര്‍ യു.വി. ജോസിന് കൈമാറി. 20 വര്‍ഷം സ്വന്തമായി ഭൂമിയില്ലാതെ ജീവിച്ച സാധാരണക്കാരനായ ഈ യുവാവിന്റെ തീരുമാനം ധീരമായ മാതൃകയാണെന്ന് ജില്ലാ കളകടര്‍ പറഞ്ഞു. ജില്ലയിലെ 100 വില്ലേജിലും ഇതുപോലെ തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ളവര്‍ ധാരാളമുണ്ട്. ഭൂരഹിതര്‍ക്ക് സ്വന്തം നാട്ടില്‍ സ്ഥലം കണ്ടെത്തി നല്കാന് സര്‍ക്കാരിനു കഴിയാതെ വരുന്ന സാഹചര്യമാണ് ഇന്നുള്ളത്.
കൂടുതല്‍ പേര് ഇത്തരം നല്ല മാതൃക ഉള്‍ക്കൊണ്ട് ഭൂദാനത്തിന് മുന്നോട്ടു വരണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. എഡിഎം മോന്‍സി പി. അലക്സാണ്ടര്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്) എം.പി. ജോസ്, എഡിസി (ജനറല്‍) മുഹമ്മദ് ജാ, ഡിവൈഎസ്പി രമേഷ് കുമാര്‍, അഡ്വ. സിജു കെ ഐസ്സക് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: