തിരുവനന്തപുരം: കോഴിക്കോട് അന്യ സംസ്ഥാന തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മരണമടഞ്ഞ കോഴിക്കോട് ഓട്ടോ റിക്ഷാഡ്രൈവര്‍ ആയ നൗഷാദിനു സര്‍ക്കാര്‍ നല്കിയ സഹായത്തെ സംബന്ധിച്ച് പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ നീക്കം. വിഷയത്തിന്റെ നിയമവശം പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കേസെടുക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപന് എം.എല്‍.എ കത്തു നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. നൗഷാദിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി സാമ്പത്തിക സഹായവും നൗഷാദിന്റെ ഭാര്യയ്ക്ക് ജോലിയും വാഗ്ദാനം ചെയ്തിരുന്നു. സമത്വമുന്നേറ്റ യാത്രയ്ക്കിടെ ഇതു പരാമര്‍ശിച്ച വെള്ളാപ്പള്ളി കേരളത്തില്‍ മരിക്കുന്നെങ്കില്‍ മുസ്ലീമായി മരിക്കണമെന്നു പറഞ്ഞിരുന്നു.
നൗഷാദ് മരിച്ചപ്പോള്‍ കുടുംബത്തിന് ജോലിയും പത്ത് ലക്ഷം രൂപയും നല്‍കിയതായി പറഞ്ഞ വെള്ളാപ്പള്ളി അപകടത്തില്‍ മരിച്ച ഹാന്‍ഡ്ബോള്‍ താരങ്ങളുടെ കുടുംബത്തെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.
രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ച കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും ഈ കാര്യത്തില്‍ കേസ് എടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ആഭ്യന്തര മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ട കെപിസിസി അധ്യക്ഷന്‍ താന്‍ കത്ത് ഇന്നു തന്നെ നല്‍കുമെന്നും കത്തിന് കാക്കാതെ തന്നെ കേസ് എടുക്കേണ്ട കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: