ലണ്ടന്‍: മാദ്ധ്യമ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്ക് വീണ്ടും വിവാഹിതനാകുന്നു. ഹോളിവുഡ് നടിയും മുന്‍ മോഡലുമായ ജെറി ഹാളിനെയാണ് റൂപര്‍ട്ട് മര്‍ഡോക്ക് വിവാഹം കഴിയ്ക്കുന്നത്.
നാല് മാസത്തെ ബന്ധത്തിന് ശേഷം തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായി ലണ്ടനിലെ ദ ടൈംസ് പത്രത്തിലൂടെയാണ് ഇരുവരും വ്യക്തമാക്കിയത്. മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പറേഷനാണ് ടൈംസിന്റെ ഉടമസ്ഥര്‍. പത്രത്തിന്റെ വിവാഹ, ജനന, മരണ പേജിലാണ് മര്‍ഡോക്കും ജെറി ഹാളും പ്രഖ്യാപനം നടത്തിയത്.
84ാം വയസുകാരനായ മര്‍ഡോക്കിന്റെ നാലാം വിവാഹമാണിത്. മൂന്ന് ബന്ധങ്ങളില്‍ നിന്ന് ആറ് മക്കളാണ് മര്‍ഡോക്കിനുള്ളത്. 59 കാരിയായ ജെറിയുടെ ആദ്യ വിവാഹമാണിത്. കാമുകനായിരുന്ന മൈക്ക് ജാഗ്ഗറുമായുള്ള 22 വര്‍ഷത്തെ ബന്ധത്തില്‍ നാല് മക്കള്‍ ഉണ്ടെങ്കിലും ഇവര്‍ നിയമപരമായി വിവാഹിതരായിട്ടില്ല. ഓസ്ട്രേലിയന്‍ സ്വദേശിയായ മര്‍ഡോക്ക് നിലവില്‍ അമേരിക്കന്‍ പൗരനാണ്.
കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇരുവരും ലോസ് ഏഞ്ചലസില്‍ വച്ച് വിവാഹമോതിരം കൈമാറിയിരുന്നു. ഒക്ടോബറില്‍ ലണ്ടനില്‍ നടന്ന റഗ്ബി ലോകകപ്പിനിടെയാണ് തങ്ങളുടെ ബന്ധം ഇരുവരും പരസ്യപ്പെടുത്തിയത്. മൂന്നാം ഭാര്യ വെന്റി ഡെംഗുമായി 2013ല്‍ മര്‍ഡോക്ക് പിരിഞ്ഞിരുന്നു. കാമുകന് മൈക്ക് ജാഗ്ഗറുമായുള്ള ബന്ധം 1999ല്‍ തന്നെ ജെറി ഹാള്‍ ഉപേക്ഷിച്ചു. വെന്റി ഡെംഗിന് മര്‍ഡോക്കിന്റെ അടുത്ത സുഹൃത്ത് കൂടിയായ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുമായി ബന്ധമുണ്ടെന്ന അഭ്യൂഹം ശക്തമായിരുന്നു. ടോണി ബ്ലെയര്‍ ഇത് നിഷേധിയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: