മൂന്നാര്‍: തെക്കിന്റെ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാറിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഹൈഡല്‍ പാര്ക്കിന് പുതിയ മുഖം നല്‍കാനുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
പാര്‍ക്കില്‍ രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് സൗകര്യങ്ങളൊരുക്കുന്ന പുതിയ സംവിധാനങ്ങള്‍ നിലവില്‍ വരും. ആദ്യഘട്ടമെന്ന നിലയില്‍ നടപ്പാത, നീന്തല്‍ക്കുളം ,താമരക്കുളം എന്നിവയുടെ നവീകരണമാണ് നടക്കുന്നത്. ഹൈഡല്‍ ടൂറിസത്തിന്റെ ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ മുതല്‍മുടക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്.
പ്രകൃതിക്കിണങ്ങുന്നവിധം നിലവിലുള്ള മരങ്ങളും ചെടികളും സംരക്ഷിച്ചുകൊണ്ടാണ് പാര്‍ക്കിനെ ഹൈടെക് പാര്‍ക്കാക്കി മാറ്റുന്നത്. രണ്ടാംഘട്ടമായി മൂന്നാറിലെ കാലാവസ്ഥക്കിണങ്ങുന്ന പൂച്ചെടികള്‍ വളര്‍ത്തി പാര്‍ക്കിലെ പൂന്തോട്ടത്തെ കൂടുതല്‍ മനോഹരമാക്കുന്നതിനും പദ്ധതിയുണ്ട്. പാര്‍ക്കിലുള്ള കനാലിന്റെ കരകളില്‍ സുരക്ഷിതമായി കമ്പിവേലികള്‍ തീര്‍ക്കാനും സഞ്ചാരികള്‍ക്ക് നടന്നുകാണാനുമുള്ള സൗകര്യവും ഇവിടെ ഒരുക്കും.
രണ്ടാംഘട്ടത്തിനായി കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായംകൂടി ലഭിക്കുന്നതോടെ ഏപ്രില്‍ മാസത്തോടുകൂടി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹൈഡല്‍ ടൂറിസം അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: