ഹോം » വാര്‍ത്ത » പ്രാദേശികം » കോട്ടയം » 

തുലാപ്പള്ളി-ശബരിമല വനാതിര്‍ത്തിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി; വാന്‍ കൃഷിനാശം

July 3, 2011

എരുമേലി: ശബരിമല വനാതിര്‍ത്തി മേഖലയായ പമ്പാറേഞ്ചില്‍പ്പെട്ട തുലാപ്പള്ളി – മൂലക്കയം വനമേഖലയില്‍ ഇന്നലെയും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാനക്കൂട്ടം ചീങ്കല്ലേല്‍ ജോയിയുടെ കൃഷിയിടത്തിലെ വാഴയാണ്‌ വന്‍തോതില്‍ നശിപ്പിച്ചത്‌.ഇന്നലെ വീണ്ടുമിറങ്ങിയ കാട്ടാനക്കൂട്ടങ്ങള്‍ നെല്ലിമല പാലക്കുന്നേല്‍ ബാബുവിണ്റ്റെ കൃഷിത്തോട്ടത്തിലെ കവുങ്ങുകളാണ്‌ നശിപ്പിച്ചത്‌. വാഴക്കൃഷിത്തോട്ടത്തിലെ വെട്ടാറായ വാഴക്കുലകള്‍ വാഴയോടെ പിഴുതെടുത്ത്‌ തിന്നതിനുശേഷം ബാക്കിയുള്ള വാഴകള്‍ കാട്ടാനക്കൂട്ടം നശിപ്പിക്കുകയായിരുന്നു. കാട്ടില്‍ നിന്നും കയറ്റമുള്ള ആനത്താരകള്‍ വഴി കൃഷിയിടങ്ങളിലെത്തുന്ന ആനകള്‍ ൫൦൦ മീറ്ററിനുള്ളില്‍ വട്ടം കറങ്ങിയാണ്‌ വാഴയും കവുങ്ങുമടക്കമുള്ള ചെറുകിട കൃഷികളും നശിപ്പിച്ചിരിക്കുന്നത്‌. ഇന്നലെ രാത്രി ൧൦ മണിയോടെ കുഴികണ്ഠന്‍മലയുടെ അടിവാരത്തില്‍ ശബ്ദം കേട്ടിരുന്നെങ്കിലും ആന കയറിവരുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ലെന്നും ബാബു പറഞ്ഞു. കൃഷിഭൂമിയില്‍ വിശ്രമിക്കുന്നതിനായി നിര്‍മ്മിച്ചിരുന്ന താത്കാലിക ഷെഡ്ഡും ആന തകര്‍ത്തു. തൊട്ടടുത്ത പ്ളാവില്‍ നിന്നും ചക്കപ്പഴം പറിച്ചെടുക്കുന്നതിനായി ആന നടത്തിയ ശ്രമത്തിനിടയിലാണ്‌ ഷെഡ്ഡ്‌ തകര്‍ന്നത്‌. വനാതിര്‍ത്തിയില്‍ കയ്യാല കെട്ടിയിട്ടുണ്ടെങ്കിലും ഈ കയ്യാലയും തകര്‍ത്താണ്‌ ആനകള്‍ കൂട്ടത്തോടെ കൃഷിഭൂമിയിലേക്ക്‌ എത്തുന്നത്‌. വലിയ ഗര്‍ത്തങ്ങളും തിങ്ങിനിറഞ്ഞ കാടുകളും ഉള്ളതിനാല്‍ ആനകള്‍ കയറി വരുന്നത്‌ എളുപ്പത്തില്‍ കാണാന്‍ കഴിയുകയില്ല. കയ്യാല തകര്‍ത്ത്‌ കൃഷിഭൂമിയിലെത്തുന്ന ആനകളുടെ ബഹളം കേട്ടാണ്‌ മിക്കപ്പോഴും പ്രദേശവാസികള്‍ എഴുന്നേറ്റുവരുന്നത്‌. ഇടവിലകൃഷി നശിപ്പിച്ചതിനുശേഷം ആനയോളം വളര്‍ന്ന റബ്ബര്‍തൈകളുടെ മുകള്‍ഭാഗം പിടിച്ച്‌ ഒടിച്ചുകളയുകയാണ്‌ ഇന്നലെ കാട്ടാനകള്‍ ചെയ്തത്‌. റബ്ബറിന്‍റെ ചുവടുഭാഗം കൊമ്പുകൊണ്ടു കുത്തിയിളക്കിയിരിക്കുകയാണ്‌. ചില മരങ്ങള്‍ പിഴുതിട്ടുമുണ്ട്‌. കവുങ്ങുകളുടെ ഇളംഭാഗം കീറി ആഹരിച്ചതിനുശേഷമുള്ളഭാഗം ചവിട്ടി ഒടിച്ചാണ്‌ ആനകള്‍ ഇന്നലെ കാട്ടിലേക്കു മടങ്ങിയത്‌. വനാതിര്‍ത്തി മേഖലയില്‍ എതുവഴിക്കും കൃഷിഭൂമിയിലേക്ക്‌ കടന്നുവരാനുള്ള ആനത്താരകളാണ്‌ ഉള്ളത്‌. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി നാട്ടിലിറങ്ങുന്ന ആനക്കൂട്ടം പലവഴികളില്‍ക്കൂടിയാണ്‌ കൃഷിഭൂമിയിലെത്തുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. തുലാപ്പള്ളി, മൂലക്കയം- നെല്ലിമല മേഖലയില്‍ നിന്നും അര കിലോമീറ്റര്‍ താഴെ മാത്രം ദൂരമുള്ള വനാതിര്‍ത്തിയാണ്‌ ഈ ഭാഗത്തുള്ളത്‌. കാട്ടാനകള്‍ക്ക്‌ ഇതിലൂടെ ജനവാസം ഏറെയുള്ള മേഖലയിലേക്ക്‌ എത്താന്‍ മിനിട്ടുകള്‍ പോലും വേണ്ടെന്നാണ്‌ അനുഭവസ്ഥരായ നാട്ടുകാര്‍ പറയുന്നത്‌. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന സഞ്ചാരമാര്‍ഗ്ഗമായ ഇവിടെ കാട്ടാനകളിറങ്ങുന്നത്‌ ആശങ്കയോടെയാണ്‌ ജനങ്ങള്‍ കാണുന്നത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick