ഹോം » വാരാദ്യം » 

രാമലീല

July 3, 2011


കണ്ണടതെല്ലൊന്നുയര്‍ത്തിയമുത്തശ്ശി
വായിച്ചിടുന്നു ദിനപ്പത്രവാര്‍ത്തകള്‍……
തെല്ലവിശ്വാസമോടാര്‍ത്തയായ്‌ തന്‍തല
താങ്ങിയിരുന്നവര്‍ തേങ്ങിത്തുടങ്ങയോ….
പിന്നെമൊഴിഞ്ഞുതന്‍ പേരക്കിടാങ്ങളോ-
ടെന്താണ്‌ ദില്ലിയില്‍….രാമനോ തോറ്റത്‌…?

രാവണന്‍ കോട്ടയ്ക്കു മുന്നിലാമൈതാന
മാകെത്തകര്‍ന്നു കിടന്നു വിചിത്രമായ്‌…..
ആസുരശക്തിതന്‍ രാത്രിയുദ്ധത്തിലൊ-
രാശ്രമം പോല കരിഞ്ഞുവോധര്‍മവും……

മുത്തശ്ശിനിത്യവും വായിക്കുവാറുള്ള
രാമായണത്തിന്‍ കഥയിതുമാതിരി…..
പക്ഷെയൊരല്‍പ്പമെ വ്യത്യാസമുള്ളതില്‍
രാമനാണെന്നും ജയിച്ചുമുന്നേറുക….
രാവണരാജിന്നറുതിവരുത്തുമാ
കോതണ്ഡപാണിപരാജിതനാകയോ…..
രാമാഹരേ ചൊല്ലിമുത്തശ്ശിമുറ്റത്തു
കുത്തിയിരുന്നു വിലാപം തുടരവേ…..
കൊച്ചുമക്കള്‍ സ്റ്റാമ്പുനാട്ടി ബാറ്റിംഗിനായ്‌
പിച്ചാക്കിമാറ്റിയാമുറ്റമപ്പോഴുടന്‍….
മെല്ലെയെഴുന്നേറ്റുപോകുമ്പൊഴും തെല്ലു-
നൊമ്പരത്തോടെ മൊഴിഞ്ഞിതേമാതിരി…..
രാമലീലയ്ക്കുവരുന്നവര്‍ രാവണന്‍
കോലമഗ്നിയ്ക്കിരയാക്കയല്ലേചിതം….
പിന്നെയെന്തേ രാമനാമിയാം സാധുവെ
ദില്ലിവാഴുന്നോര്‍കശക്കിയെറിഞ്ഞത്‌…..

തിന്മദസഗ്രീവഹുങ്കാര്‍ന്നഴിമതി
ചെയ്തു മദിച്ചധികാരം നടത്തവെ….
യോഗദണ്ഡിന്‍ ബലത്താലെധര്‍മത്തിനെ
നേരെ നടത്താന്‍ ശ്രമിച്ചൊരു യോഗിയെ…..
കൂരിരുട്ടിന്റെ മറവില്‍ നിശാചര
ഭീരതതല്ലിച്ചതച്ചതെന്തീവിധം….
സത്യഗ്രഹത്തിന്‍ കരുത്തിലീ ഇന്ത്യയെ
നിത്യസ്വതന്ത്രനായ്‌ മാറ്റിയ ഗാന്ധിജി….
തന്‍നാമധാരി നടത്തുന്ന തിന്മയില്‍< ചൂളിനിന്നോരാജഘട്ടിന്‍ സമാധിയില്‍

ഗാന്ധിജി തന്‍ രാമരാജ്യമൊരുവേള
രാവണവാഴ്ചയ്ക്കു കീഴ്പെട്ടുപോകയോ….
പുഷ്പകം മാത്രമല്ലാരംഭ മേനക
ഒക്കെയും മോഷ്ടിച്ച രാവണ രാജനെ
നിഷ്പ്രഭമാക്കുന്നധികാരി വര്‍ഗമോ…..
കൊള്ളയടിച്ചു കടത്തുകയാണിന്ത്യ
മണ്ണില്‍ പണിഞ്ഞു സ്വരൂപിച്ചപൊന്നിനെ
ആരൊരാളുണ്ടീ പകല്‍ക്കൊള്ള നിര്‍ത്തുവാന്‍
ആരെതിര്‍ത്തീടുന്നഴിമതിവീരരെ….
താടകമാരഴിഞ്ഞാടിയിന്ദ്രപ്രസ്ഥ
വീഥിയില്‍ യാഗം മുടക്കിമദിയ്ക്കവെ….
കോദണ്ഡരാമനുറങ്ങിക്കിടക്കയോ…….
രാക്ഷസിമാരെവധിക്കേണ്ട നേരത്ത്‌……
രാക്ഷസവാഴ്ചയില്‍ രാജ്യവും യാഗവും
തീര്‍ത്തും മുടിച്ച നിശാചരിതാടക
രാമബാണത്തിന്‍ കരുത്തില്‍ മരിച്ചത്‌
രാമായണത്തിന്‍ കഥമാത്രമാകയോ…

വീണ്ടും വരികവിശ്വാമിത്രമാമുനേ….
രാമകുമാരനെ ആനയിച്ചീടുക…
തൂണിരവും പടച്ചട്ടയും നല്‍കിയാ
രാഘവവീരനെ ആനയിച്ചീടുക.
രാമരാജ്യത്തിന്‍ പടപ്പുറപ്പാടില്‍ നാം
രാക്ഷസഹുങ്കിനെ ഭസ്മീകരിക്കുക…….!
-മീനച്ചില്‍

Related News from Archive
Editor's Pick