കോഴിക്കോട്: മലയാളത്തില്‍ അടുത്ത കാലത്തായി നല്ല സിനിമകള്‍ ഉണ്ടാകുന്നില്ലെന്ന് തിരക്കഥാകൃത്ത് ടി.എ. റസാഖ.് ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂവിന് ശേഷം കാലിക്കറ്റ് പ്രസ്ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേമവും അക്രമവുമാണ് ഇപ്പോള്‍ ന്യൂജനറേഷന്ചിത്രങ്ങള് എന്നു പേരിട്ടു വിളിക്കുന്ന സിനിമികളിലെ പ്രധാനവിഷയങ്ങള്‍.
ഈ സിനിമകള്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക സന്ദേശമൊന്നും നല്കാന് ശ്രമിക്കുന്നില്ല. സിനിമ ബിസിനസായി മാറിയിതോടെയാണ് ഇതു സംഭവിച്ചത്. സാംസ്കാരിക അധഃപതനത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമാണ് സിനിമകള്‍. എന്നാലിന്നിറങ്ങുന്ന ചില സിനിമകള്‍ നമ്മെ സാംസ്കാരിക അധഃപതനത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.
നല്ല സിനിമകള്‍ കാണാന്‍ ഇന്നും ജനം തയ്യാറാണ്. എന്നാല്‍ അതിനുള്ള സാഹചര്യമില്ല. പല നല്ലചിത്രങ്ങളും തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്ന് പ്രേക്ഷകര്‍ അറിഞ്ഞുവരുമ്പോഴേക്കും അവിടെ ആ സിനിമ മാറിയിട്ടുണ്ടാകുമെന്നും റസാഖ് അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ സംവിധായകന് റെജിപ്രഭാകരന്, പ്രസ്ക്ലബ് ജോയിന്റ് സെക്രട്ടറി കെ.സി. റിയാസ്, എം.വി. ഫര്ദ്ദിസ് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: